പെര്‍ത്തില്‍ ഇന്ത്യ കബളിപ്പിക്കപ്പെട്ടു, നാല് പേസര്‍മാരെ ഇറക്കിയ കോഹ് ലിയുടെ തന്ത്രത്തെ പരിഹസിച്ച് മുന്‍ താരങ്ങള്‍

2008ല്‍ പെര്‍ത്തിലും, 2018ല്‍ ജോഹന്നാസ്ബര്‍ഗിലും മാത്രമാണ് ഇന്ത്യ സ്പിന്നറെ മാറ്റി നിര്‍ത്തി ഇതിന് മുന്‍പ് ഇറങ്ങിയിരിക്കുന്നത്
പെര്‍ത്തില്‍ ഇന്ത്യ കബളിപ്പിക്കപ്പെട്ടു, നാല് പേസര്‍മാരെ ഇറക്കിയ കോഹ് ലിയുടെ തന്ത്രത്തെ പരിഹസിച്ച് മുന്‍ താരങ്ങള്‍

നാല് പേസര്‍മാരുമായി പെര്‍ത്തിലിറങ്ങിയ കോഹ് ലിയുടെ തീരുമാനത്തിന് നേര്‍ക്ക് നെറ്റിച്ചുളിച്ച് മുന്‍ താരങ്ങളും, ക്രിക്കറ്റ് വിദഗ്ധരും. രവീന്ദ്ര ജഡേജയും, കുല്‍ദീപും നില്‍ക്കെ ഉമേഷ് യാദവിനെ എക്‌സ്ട്രാ ബൗളറായി ഇറക്കിയതോടെ, ഇത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്നാം വട്ടം മാത്രമാണ് ടീം പ്രധാന സ്പിന്നറില്ലാതെ കളിക്കാനിറങ്ങുന്നത്. 

പേസിനെ തുണയ്ക്കുന്നത് എങ്കിലും ഡ്രൈ ആയ പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യ സ്പിന്നറെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറുടെ വാക്കുകള്‍. 2008ല്‍ പെര്‍ത്തിലും, 2018ല്‍ ജോഹന്നാസ്ബര്‍ഗിലും മാത്രമാണ് ഇന്ത്യ സ്പിന്നറെ മാറ്റി നിര്‍ത്തി ഇതിന് മുന്‍പ് ഇറങ്ങിയിരിക്കുന്നത്. 

പെര്‍ത്തില്‍ ബൗളിങ്ങില്‍ വെറൈറ്റി കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ കഴിയുന്നില്ല. ബോള്‍ ടേണ്‍ ചെയ്യാന്‍ ജഡേജയ്ക്കാണെങ്കിലും സാധിക്കും. ആറ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കും എന്ന് പറയുന്നത് പോലെയാണ് ഇത്. എല്ലാ ബാറ്റിങ് യൂണിറ്റിലും സ്‌പെഷ്യലൈസ്ഡ് ആയവര്‍ ഉണ്ടാകും. അതുപോലെ തന്നെയാണ് ബൗളിങ്ങിലുമെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബൗണ്‍സ് പ്രയോജനപ്പെടുത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഹാരിയുടെ ബൗളിങ് പെര്‍ത്തില്‍ ഇന്ത്യയെ തുണച്ചു. ഹാരിസിനേയും മാര്‍ഷിനേയുമാണ് വിഹാരി മടക്കിയത്. എന്നാല്‍ ഓസീസിന്റെ ലയോണ്‍ പെര്‍ത്തില്‍ പിച്ചില്‍ നിന്നും നേട്ടം കൊയ്യുമെന്ന് വ്യക്തമാണ്. ഇവിടെ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ ഏഴ് വിക്കറ്റാണ് ലയോണ്‍ അടുത്തിടെ പിഴുതത്. 

പെര്‍ത്തിലെ പുല്ല് നിറഞ്ഞ പിച്ചിന്റെ പേരില്‍ ഉയര്‍ന്ന വിലയിരുത്തലുകളില്‍ ഇന്ത്യ കബളിപ്പിക്കപ്പെട്ടുവെന്നാണ് ഓസീസ് മുന്‍ താരം മഗ്രാത്ത് പറയുന്നത്. ബൗണ്‍സും പേസും സീമുമെല്ലാം നിറയുന്നതാകും പെര്‍ത്തിലെ പിച്ചെന്ന് ഇന്ത്യ വിശ്വസിച്ചുപോയെന്നാണ് ഓസീസ് താരത്തിന്റെ അഭിപ്രായം. എന്തുകൊണ്ട് ഞാന്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഇറക്കിയില്ലാ എന്നാകും പെര്‍ത്തില്‍ കളി പുരോഗമിക്കവെ കോഹ് ലി തന്നോട് തന്നെ ചോദിക്കുക എന്ന് പറഞ്ഞാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ കളിയാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com