റയൽ മാ‍ഡ്രിഡിനെ കാത്ത് റെക്കോർഡുകൾ; ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്; യൂറോപ്യൻ ചാംപ്യൻമാർക്കെതിരെ അൽ ഐൻ എഫ്സി

ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടം ഇന്ന് അബുദാബിയിലെ സയ്യദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറും
റയൽ മാ‍ഡ്രിഡിനെ കാത്ത് റെക്കോർഡുകൾ; ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്; യൂറോപ്യൻ ചാംപ്യൻമാർക്കെതിരെ അൽ ഐൻ എഫ്സി

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടം ഇന്ന് അബുദാബിയിലെ സയ്യദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറും. കലാശപ്പോരിൽ യൂറോപ്യൻ ചാംപ്യന്മാരായ സ്പെയിൻ ക്ലബ് റയൽ മഡ്രിഡ് യുഎഇ ചാംപ്യന്മാരായ അൽ ഐൻ എഫ്സിയെ നേരിടും. സെമിയിൽ റയൽ മാഡ്രിഡ് ജപ്പാൻ ടീം കഷിമ ആന്റലേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ സെമിയിൽ ലാറ്റിനമേരിക്കൻ ക്ലബ് റിവർപ്ലേറ്റിനെ അട്ടിമറിച്ചാണ് അൽഐൻ എത്തുന്നത്. ഇന്ന് രാത്രി പത്ത് മണിക്കാണ് മത്സരം.

മികച്ച ഫോമിലാണ് അൽ ഐൻ കളിക്കുന്നത്. എന്നാൽ, വൻ മമത്സര പരിചയവും താര നിരയുമുള്ള റയലിന് കിരീട നേട്ടം ഏറെക്കുറെ എളുപ്പമാകുമെന്ന വിലയിരുത്തലാണ് ഫുട്ബോൾ പണ്ഡിതർ നടത്തുന്നത്. അതേസമയം തന്നെ മത്സരം കടുപ്പമാകുമെന്നാണ് റയൽ വിലയിരുത്തുന്നത്. 

ഇന്ന് ഫിഫ ക്ലബ് ലോകകപ്പ് ചാംപ്യന്മാരായാൽ റയൽ മഡ്രിഡിനെ കാത്തിരിക്കുന്നതു നാലോളം റെക്കോർഡുകളാണ്. ഇന്ന് വിജയിച്ചാൽ അവരുടെ തുടർച്ചയായ മൂന്നാം കിരീടമായി അത് മാറും. ഒപ്പം ക്ലബ് ലോകകപ്പിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും റയലിനു സ്വന്തമാകും. നിലവിൽ യുവേഫ ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയ ടീം അതേ മികവ് ആവർത്തിക്കാനാണു ശ്രമിക്കുന്നത്. ഭൂഖണ്ഡങ്ങളിലെ ചാംപ്യന്മാർ മാത്രമാണ് ക്ലബ് ലോകകപ്പിനു യോഗ്യത നേടുകയെന്നിരിക്കെ തുടർച്ചയായി മൂന്ന് ഫൈനലുകൾ കളിക്കുന്നതു പോലും റെക്കോർഡിനൊപ്പം മഹത്തരം. 

ഇന്നു ജയിച്ചാൽ റയൽ മഡ്രിഡ് ബദ്ധവൈരികളായ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ പിന്തള്ളും. നിലവിൽ രണ്ട് ക്ലബുകൾക്കും മൂന്ന് ക്ലബ് ലോകകപ്പ് കിരീടങ്ങൾ വീതമാണുള്ളത്. രണ്ട് ചാംപ്യൻ പട്ടങ്ങളുമായി ബ്രസീൽ ക്ലബ് കൊറിന്ത്യൻസാണ് ഇരു ടീമുകൾക്കും പിന്നിൽ.

റയലിനൊപ്പം തന്നെ അവരുടെ മധ്യനിര നിയന്ത്രിക്കുന്ന ടോണി ക്രൂസിനെ കാത്തും ഒരപൂർവ റെക്കോർഡ് നിൽക്കുന്നുണ്ട്. ഇതുവരെ നാല് ക്ലബ് ലോകകപ്പ് നേടിയ രണ്ട് കളിക്കാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടോണി ക്രൂസുമാണ്.  റയലിനൊപ്പം മൂന്നും 2013ൽ ബയൺ മ്യൂണിക്കിനൊപ്പം ഒരു കിരീടവും നേടിയ ടോണി ക്രൂസിന് ഇന്നു റയൽ ജയിച്ചാൽ ആകെ കിരീട നേട്ടം അഞ്ചാകും. ഏറ്റവുമധികം ക്ലബ് ലോകകപ്പ് കിരീടം നേടിയ കളിക്കാരനെന്ന റെക്കോർഡും ക്രൂസിനു സ്വന്തമാകും. 

ഈ സീസണിൽ റയലിൽ നിന്നു യുവെന്റസിലേക്കു പോയ ക്രിസ്റ്റ്യാനോ റയലിന്റെ മൂന്ന് ലോക കിരീട നേട്ടങ്ങളിൽ പങ്കാളിയായിരുന്നു. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും ക്രിസ്റ്റ്യാനോ കിരീടം നേടിയിരുന്നു.

ക്രൂസിനൊപ്പം ​ഗെരത് ബെയ്ലിനെ കാത്തും ഒരു റെക്കോർഡുണ്ട്. സെമിയിൽ ഹാട്രിക്ക് ​ഗോളോടെ ടീമിനെ ഫൈനലിലേക്ക് നയിച്ച ബെയ്ൽ ഇന്ന് രണ്ട് ഗോളടിച്ചാൽ ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരമെന്ന റെക്കോർഡിനുടമയാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളിയാണ് ഈ റെക്കോർഡ് ബെയ്ൽ സ്വന്തമാക്കുക. എട്ട് കളികളിലായി ഏഴ് ഗോളടിച്ചിട്ടുള്ള ക്രിസ്റ്റ്യാനോയാണ് ഇപ്പോൾ റെക്കോർഡിന് ഉടമ. കഴിഞ്ഞ ദിവസം ഹാട്രിക് നേടിയ ബെയ്‌ൽ നിലവിൽ അഞ്ച് കളിയിലായി ആറ് ​ഗോളുകളുമായാണ് നിൽക്കുന്നത്. മിന്നും ഫോമിലുള്ള വെയ്ൽസ് താരം റെക്കോർഡ‍ിടുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com