ബ്രസീല്‍-ഫ്രാന്‍സ് ഫൈനലിന് വേണ്ടി ഞങ്ങള്‍ അട്ടിമറി നടത്തി; വെളിപ്പെടുത്തലുമായി പ്ലാറ്റിനി

ഒന്നാമതായാണ് ഫ്രാന്‍സിന്റേയും ബ്രസീലിന്റേയും ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നത് എങ്കില്‍ ഇരു ടീമുകളും ക്വാര്‍ട്ടറില്‍ നേര്‍ക്കു നേര്‍ വരില്ല
ബ്രസീല്‍-ഫ്രാന്‍സ് ഫൈനലിന് വേണ്ടി ഞങ്ങള്‍ അട്ടിമറി നടത്തി; വെളിപ്പെടുത്തലുമായി പ്ലാറ്റിനി

1998ലെ ലോക കപ്പില്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുക്കാന്‍ ലക്ഷ്യം വെച്ച് ഞങ്ങള്‍ ലോക കപ്പ് മത്സര ഘടനയില്‍ തന്നെ മാറ്റം വരുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇതിഹാസ താരം മൈക്കല്‍ പ്ലാറ്റിനി. ഫൈനലിന് മുന്‍പ് ബ്രസീല്‍-ഫ്രാന്‍സ് മത്സരം വരാത്ത രീതിയില്‍ തങ്ങള്‍ മത്സര ഘടന കൊണ്ടുവരുവാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്ലാറ്റിനിയുടെ വെളിപ്പെടുത്തല്‍. 

1998ലെ ലോക കപ്പ് സംഘാടക സമിതിയിലെ അംഗമായിരുന്നു പ്ലാറ്റിനി. ഒന്നാമതായാണ് ഫ്രാന്‍സിന്റേയും ബ്രസീലിന്റേയും ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നത് എങ്കില്‍ ഇരു ടീമുകളും ക്വാര്‍ട്ടറില്‍ നേര്‍ക്കു നേര്‍ വരില്ല. ആ രീതിയിലായിരുന്നു ഷെഡ്യൂള്‍ ഞങ്ങള്‍ തയ്യാറാക്കിയത്. 

യുവേഫ തലവനായിരിക്കെ അനധികൃത പ്രതിഫലം സ്വീകരിച്ചതിന്റെ പേരില്‍ ഫുട്‌ബോളില്‍ നിന്നും വിലക്ക് നേരിടുന്നതിന് ഇടയിലാണ് പ്ലാറ്റിനിയുടെ വെളിപ്പെടുത്തല്‍. 1997 ഡിസംബര്‍ നാലിനായിരുന്നു ലോക കപ്പിനുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ ഏതൊക്കെ ടീം ഏത് ഗ്രൂപ്പില്‍ വരുമെന്ന് നിശ്ചയിക്കുന്നതിനുള്ള ഡ്രോ. എന്നാല്‍ അതെല്ലാം നടക്കുന്നത് ഞങ്ങളുടെ തട്ടകത്തിലാണെന്ന് ഓര്‍ക്കണം. മറ്റ് ആതിഥേയ രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും പ്ലാറ്റിനി ചോദിക്കുന്നു. 

ഗ്രൂപ്പ് എയിലായിരുന്നു ബ്രസീല്‍, ഫ്രാന്‍സ് ഗ്രൂപ്പ് സിയിലും. എന്നാല്‍ യൂറോപ്യന്‍ ഗൂഡാലോചനയ്‌ക്കെതിരെ ബ്രസീലിയന്‍ മുന്‍ കോച്ചായിരുന്ന മരിയോ സഗല്ലോ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ഇവരുടെ പദ്ധതി പ്രകാരം തന്നെയായിരുന്നു 1998ലെ ലോക കപ്പ് നടന്നതും. ബ്രസീലും ഫ്രാന്‍സും ഏറ്റുമുട്ടിയത് ഫൈനലില്‍. ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് തങ്ങളുടെ ആദ്യ ലോക കിരീടം സ്വന്തമാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com