ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഫുട്‌ബോള്‍ ടീമിലേക്ക്...? ദേശീയ ടീമിലേക്ക് സ്വാഗതം ചെയ്ത് ഫെഡറേഷന്‍

ജമൈക്കന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതനിധീകരിക്കാനുള്ള ഒരുക്കത്തിലാണ് ബോള്‍ട്ട്. കരിബീയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ ദേശീയ ടീമിലേക്കാണ് ബോള്‍ട്ടിനെ പരിഗണിക്കുന്നത്
ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഫുട്‌ബോള്‍ ടീമിലേക്ക്...? ദേശീയ ടീമിലേക്ക് സ്വാഗതം ചെയ്ത് ഫെഡറേഷന്‍


കിങ്സ്റ്റൺ: പ്രപഞ്ചത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യനായ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്റെ വേഗമാന മികവുകള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ഫുട്‌ബോള്‍ മൈതാനത്താണ്. ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാകാനുള്ള തന്റെ ആഗ്രഹം സാധ്യമാക്കാന്‍ ട്രാക്കിനോട് വിട പറഞ്ഞതിന് പിന്നാലെ തന്നെ ബോള്‍ട്ട് ശ്രമം നടത്തി. 

ജര്‍മന്‍ അതികായരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനൊപ്പം ട്രെയിനിങില്‍ പങ്കെടുത്ത് തുടങ്ങിയ ബോള്‍ട്ട് പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടീം സണ്‍ഡൗണിനൊപ്പവും നോര്‍വെ ടീം സ്‌റ്റോംസ്‌ഗോഡ്‌സെറ്റിനൊപ്പവും പരിശീലനം നടത്തി. നിലവില്‍ ഓസ്‌ട്രേലിയന്‍ ടീം സെന്‍ട്രല്‍ കോസ്റ്റ് മറിനേഴ്‌സ് ടീമിന്റെ മധ്യനിര താരമാണ് നിലവില്‍ ബോള്‍ട്ട്. ഈയടുത്ത് ടീമിനായി ഇരട്ട ഗോളുകള്‍ നേടാനും താരത്തിന് സാധിച്ചു. 

ഇപ്പോഴിതാ തന്റെ രാജ്യമായ ജമൈക്കന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതനിധീകരിക്കാനുള്ള ഒരുക്കത്തിലാണ് ബോള്‍ട്ട്. കരിബീയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ ദേശീയ ടീമിലേക്കാണ് ബോള്‍ട്ടിനെ പരിഗണിക്കുന്നത്. ജമൈക്കന്‍ ഫുട്‌ബോള്‍ തലവന്‍ മിഷേല്‍ റിക്കെറ്റ്‌സാണ് ബോള്‍ട്ടിനെ സ്വാഗതം ചെയ്തത്. 

ബോള്‍ട്ട് ജമൈക്കയിലെ ഏതെങ്കിലും ഫുട്‌ബോള്‍ ക്ലബിനായി കളിക്കാനിറങ്ങണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ബോള്‍ട്ടിന് മികച്ച അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് റിക്കെറ്റ്‌സ് പറയുന്നു. എങ്കിലും അദ്ദേഹത്തെ ദേശീയ ടീമിനായി കളിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് റിക്കെറ്റ്‌സ് വ്യക്തമാക്കി. 

ബോള്‍ട്ടിനെ ദേശീയ ടീമില്‍ കളിപ്പിക്കാന്‍ സാധിച്ചാല്‍ താരത്തിന് നേട്ടം എന്നത് പോലെ ദേശീയ ടീമിനും അത് ഗുണകരമാകും എന്ന കണക്കുകൂട്ടലിലാണ് റിക്കെറ്റ്‌സ്. ഇക്കാര്യത്തില്‍ ടീം പരിശീലകന്റെ നിലപാടിനെ മാനിക്കുന്നുണ്ട്. ബോള്‍ട്ട് കളിക്കുന്നത് ആരാധകര്‍ക്ക് ആവേശകരമാകുമെന്നും ടീമിന്റെ മത്സരം കാണാന്‍ ആളുകളുടെ എണ്ണം കൂട്ടുമെന്നും റിക്കെറ്റ്‌സ് നിരീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com