ലെയ്സ്റ്ററാകുമോ ഫുൾഹാം; റെനിയേരി വീണ്ടും വരുന്നു ഇം​ഗ്ലണ്ടിലേക്ക്

ലെയ്സ്റ്റർ സിറ്റിയുടെ പ്രീമിയർ ലീ​ഗിലെ കിരീട നേട്ടം. അന്ന് അവരെ കിരീടത്തിലേക്ക് നയിച്ച ക്ലൗഡിയോ റെനിയേരി എന്ന പരിശീലകൻ വീണ്ടും ഇം​ഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു
ലെയ്സ്റ്ററാകുമോ ഫുൾഹാം; റെനിയേരി വീണ്ടും വരുന്നു ഇം​ഗ്ലണ്ടിലേക്ക്

ലണ്ടന്‍: ഓർമ്മയില്ലേ ലെയ്സ്റ്റർ സിറ്റിയുടെ പ്രീമിയർ ലീ​ഗിലെ കിരീട നേട്ടം. അന്ന് അവരെ കിരീടത്തിലേക്ക് നയിച്ച ക്ലൗഡിയോ റെനിയേരി എന്ന പരിശീലകൻ വീണ്ടും ഇം​ഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു. പ്രീമിയർ ലീ​ഗ് ടീം ഫുൾഹാമിന്റെ പരിശീലകനായാണ് റെനിയേരി വീണ്ടും തന്റെ മാന്ത്രികത പുറത്തെടുക്കാൻ എത്തുന്നത്. 

സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ സ്ലാവിസ ജോക്കനോവിചിനെ ഫുൾഹാം കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരമാണ് ഇറ്റാലിയന്‍ വെറ്ററൻ സ്ഥാനമേറ്റെടുക്കുന്നത്. പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ 12 കളികള്‍ സമാപിച്ചപ്പോള്‍ കേവലം അഞ്ച് പോയിന്റ് മാത്രമാണ് ഫുൾഹാമിനുള്ളത്. അവസാന സ്ഥാനത്താണ് അവർ. 

ജോക്കനോവിച്ചാണ് ഫുള്‍ഹാമിനെ പുതിയ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്തത്. എന്നാല്‍, രണ്ടാം ലീഗിലെ പ്രകടനം പ്രീമിയർ ലീ​ഗിൽ തുടരാനായില്ല. ഇപിഎല്ലിൽ ഈ സീസണിൽ പുറത്താകുന്ന ആദ്യ പരിശീലകനുമായി ഇതോടെ ജോക്കനോവിച്ച്. 

ഏറെ പ്രതീക്ഷയോടെയാണ് ക്ലോഡിയോ റെനിയേരിയെ ഫുള്‍ഹാം ടീമിലെത്തിക്കുന്നത്. മുന്‍ ചെല്‍സി പരിശീലകനായിരുന്ന റെനിയേരി 2014-15 സീസണിലാണ് ലെയ്സ്റ്റർ സിറ്റിയെ ചാമ്പ്യന്മാരാക്കിയത്. യാതൊരു സാധ്യതയും കല്‍പ്പിക്കപ്പെടാതിരുന്ന ഒരു ശരാശരി ടീമിനെ വമ്പന്മാരെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്തിക്കാന്‍ റെനിയേരിയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, തൊട്ടടുത്ത സീസണില്‍ ടീം പിറകോട്ട് പോയതോടെ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. 

ലെയ്സ്റ്റർ സിറ്റിക്ക് പുറമെ നാപോളി, ഫിയോരെന്റീന, ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ, യുവന്റസ്, റോമ, ഇന്റര്‍ മിലാന്‍, നീസ് ക്ലബുകളേയും ഗ്രീസ് ദേശീയ ടീമിനേയും പരിശീലിപ്പിച്ച് മുൻപരിചയമുള്ള കോച്ചാണ് റെനിയേരി. ഫുള്‍ഹാമിനെ തരംതാഴ്ത്തലില്‍ നിന്ന് രക്ഷിക്കുകയായിരിക്കും 67കാരനായ റെനിയേരിയുടെ പ്രഥമ ചുമതല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com