വിവാദങ്ങൾക്കിടെ ഹർമൻപ്രീതിന് ആശ്വാസം; ലോക ഇലവനെ നയിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ലോക ടി20യില്‍ കളിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ലോക ഇലവന്റെ ക്യാപ്റ്റനെന്ന നേട്ടമാണ് ഹര്‍മന്‍പ്രീതിനെ തേടിയെത്തിയത്
വിവാദങ്ങൾക്കിടെ ഹർമൻപ്രീതിന് ആശ്വാസം; ലോക ഇലവനെ നയിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ

ദുബായ്: വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ടി20 ലോകകപ്പ് സെമിയിൽ ഇം​​ഗ്ലണ്ടിനെതിരായ പോരാട്ടത്തിനിറങ്ങിയപ്പേൾ വെറ്ററൻ താരം മിതാലി രാജിനെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. മത്സരം തോറ്റതോടെ വിവാദം ആളിപ്പടർന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനമാണ് മിതാലിയെ ഒഴിവാക്കാൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഹർമൻപ്രീതും ഇക്കാര്യത്തിൽ ഏറെ പഴി കേട്ടു. 

ഏറെ പ്രതീക്ഷകളോടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യ ലോകകപ്പിനിറങ്ങിയത്. കഴിഞ്ഞ അഞ്ച് ടൂര്‍ണമെന്റിലും കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിക്കാതിരുന്ന ഇന്ത്യ ഇത്തവണയെങ്കിലും കിരീടമുയര്‍ത്തുന്നത് ആരാധകര്‍ സ്വപ്‌നം കണ്ടു. ഗ്രൂപ്പു ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ജയിച്ച് മുന്നേറിയ ഇന്ത്യക്കു പക്ഷെ സെമിയില്‍ കാലിടറി.

സെമിയില്‍ സൂപ്പര്‍ താരമായ മിതാലി രാജിനെ ഒഴിവാക്കിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് ഹര്‍മന്‍പ്രീതിന് നേരിട്ടത്. ഫോമിലുള്ള താരത്തെ ഒഴിവാക്കിയതായിരുന്നു സംഭവത്തെ വിവാദത്തിലാക്കിയത്. അതിനിടെ ഹര്‍മന്‍പ്രീതിന് അഭിമാനിക്കാന്‍ ഒരു നേട്ടം ഇപ്പോൾ കൈവന്നിരിക്കുകയാണ്.

വനിതാ ലോക ടി20യില്‍ കളിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ലോക ഇലവന്റെ ക്യാപ്റ്റനെന്ന നേട്ടമാണ് ഹര്‍മന്‍പ്രീതിനെ തേടിയെത്തിയത്. മിതാലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിക്കൂട്ടിലായ ഹര്‍മന്‍പ്രീതിന് ആശ്വാസമാകും ഇത്.
ഹര്‍മന്‍പ്രീതിനെ കൂടാതെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ധാന, ലെഗ് സ്പിന്നര്‍ പൂനം യാദവ് എന്നിവരും ഇന്ത്യന്‍ ടീമില്‍ നിന്നും ലോക ഇലവനിലെത്തിയിട്ടുണ്ട്.

മുന്‍ താരങ്ങളും കമന്റേററ്റര്‍മാരുമടങ്ങുന്ന പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. ഇയാന്‍ ബിഷപ്പ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര, എബോണി റെയ്ന്‍ഫോര്‍ഡ് ബ്രെന്റ്, മാധ്യമപ്രവര്‍ത്തക മെലിന്‍ഡ ഫറെല്‍, ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലര്‍ഡൈസ് എന്നിവരാണ് പാനലിലുണ്ടായിരുന്നത്.
ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് രണ്ടും റണ്ണറപ്പായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് മൂന്നും പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്ന് ഓരോ കളിക്കാരും ലോക ഇലവനിലെത്തി.

ടീം- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍, ഇന്ത്യ), അലെയ്‌സ ഹീലി (ഓസ്‌ട്രേലിയ), സ്മൃതി മന്ധാന (ഇന്ത്യ), ആമി ജോണ്‍സ് (ഇംഗ്ലണ്ട്), ദിയാന്‍ഡ്ര ഡോട്ടിന്‍ (വെസ്റ്റ് ഇന്‍ഡീസ്), ജാവേരിയ ഖാന്‍ (പാക്കിസ്ഥാൻ), എലീസ് പെറി (ഓസ്ട്രലിയ), ലെയ് കാസ്‌പെറക്ക് (ന്യൂസിലാന്‍ഡ്), അന്യ ഷ്‌റബ്‌സോള്‍ (ഇംഗ്ലണ്ട്), കേസ്റ്റി ഗോര്‍ഡന്‍ (ഇംഗ്ലണ്ട്), പൂനം യാദവ് (ഇന്ത്യ). 12ാം താരമായി ജഹാനാര ആലം (ബംഗ്ലാദേശ്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com