ഓള്‍ഡ്ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; മൗറീഞ്ഞോയുടെ വിധി നിര്‍ണയിക്കപ്പെടും; ബയേണ്‍, റയല്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളും കളത്തില്‍

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം പാദ പോരാട്ടങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും
ഓള്‍ഡ്ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; മൗറീഞ്ഞോയുടെ വിധി നിര്‍ണയിക്കപ്പെടും; ബയേണ്‍, റയല്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളും കളത്തില്‍

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം പാദ പോരാട്ടങ്ങള്‍ക്കായി വമ്പന്‍മാര്‍ കളത്തില്‍. രണ്ടാം പാദ പോരാട്ടങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. 

ഇന്ന് ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്- അയാക്‌സിനെയും ബെന്‍ഫിക്ക- എഇകെയെയും നേരിടും. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ഹോഫെന്‍ഹെയിമിനെയും ലിയോണ്‍- ഷാക്തര്‍ ഡൊണെറ്റ്‌സ്‌കിനെയും നേരിടും. ഗ്രൂപ്പ് ജിയില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്- സിഎസ്‌കെഎ മോസ്‌കോയെയും റോമ പ്ലസനെയും ഗ്രൂപ്പ് എച്ചില്‍ യുവന്റസ്- യങ് ബോയ്‌സിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വലന്‍സിയയുമായി ഏറ്റുമുട്ടും. 

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ബയേണും അയാക്‌സും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ പാദത്തില്‍ ബയേണ്‍ 2-0ന് ബെന്‍ഫിക്കയെയും അയാക്‌സ് 3-0ന് എഇകെ ഏതന്‍സിനെയും തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി 12.30ന് ബയേണ്‍ സ്വന്തം തട്ടകമായ അലയന്‍സ് അരീനയിലാണ് കളിക്കാനിറങ്ങുന്നത്. 

ആദ്യ പാദത്തില്‍ ലിയോണിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്ന നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. നിരാശ മറികടന്ന വിജയത്തിലൂടെ തിരിച്ചുവരവാണ് അവരുടെ ലക്ഷ്യം. ആദ്യ പാദനത്തില്‍ ലിയോണിനോട് 2-1ന് സിറ്റി തോല്‍വി വഴങ്ങുകയായിരുന്നു. സിറ്റി ജര്‍മന്‍ ക്ലബായ ഹോഫെന്‍ഹെയിമിനെയാണ് എതിരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.25നാണ് മത്സരം.

ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് റഷ്യയില്‍ നിന്നുള്ള സിഎസ്‌കെഎ മോസ്‌കോയെ എതിരിടുന്നത്. സിഎസ്‌കെഎയുടെ തട്ടകമായ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം കാണാം. അതേസമയം പ്രമുഖ താരങ്ങളുടെ പരുക്കിന്റെ വേവലാതികളുമായാണ് അവര്‍ ഇറങ്ങുന്നത്. ഗരെത് ബെയ്ല്‍, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, മാഴ്‌സെലോ, ഇസ്‌ക്കോ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് റയല്‍ സിഎസ്‌കെഎയെ നേരിടാനൊരുങ്ങുന്നത്. ആദ്യ പാദത്തില്‍ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റോമയെ തകര്‍ത്തിരുന്നു. 
  
ഗ്രൂപ്പ് എച്ചില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങുന്നത്. ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ 3-0ന് യങ് ബോയ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിതടഞ്ഞ് വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന മാഞ്ചസ്റ്ററിന് ചാംപ്യന്‍സ് ലീഗില്‍ മികവ് പുലര്‍ത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണ്. പരിശീലകന്‍ ഹോസെ മൗറീഞ്ഞോയുടെ ഭാവി കൂടി തീരുമാനിക്കപ്പെടാന്‍ മത്സര ഫലം കാരണമാകും. മാസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കാണ് സ്പാനിഷ് ക്ലബ്ബായ വലന്‍സിയ എത്തുന്നത്. 

യുവന്റസ് സ്വന്തം തട്ടകത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ടീം യങ് ബോയ്‌സിനെ നേരിടും. വിലക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കളിക്കാനാകില്ല. വലന്‍സിയക്കെതിരേ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് യുവേഫ വിലക്കേര്‍പ്പെടുത്തിയത്. ആദ്യ പാദത്തില്‍ യുവന്റസ് 2-0ന് വലന്‍സിയയെയും പരാജയപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com