കാത്തിരിക്കൂ, കക്ക വരുന്നു; വിരമിക്കൽ തീരുമാനം മാറ്റി വച്ച് വീണ്ടും ബൂട്ട് കെട്ടാനൊരുങ്ങി ബ്രസീൽ ഇതിഹാസം

ബ്രസീലിയന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുടെ നിരയിലുള്ള മുന്‍ ലോക ഫുട്‌ബോളര്‍ കക്ക വിരമിക്കൽ തീരുമാനം മാറ്റി വച്ച് വീണ്ടും ബൂട്ടണിയുന്നു
കാത്തിരിക്കൂ, കക്ക വരുന്നു; വിരമിക്കൽ തീരുമാനം മാറ്റി വച്ച് വീണ്ടും ബൂട്ട് കെട്ടാനൊരുങ്ങി ബ്രസീൽ ഇതിഹാസം

റിയോ ഡി ജനയ്‌റോ: ബ്രസീലിയന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുടെ നിരയിലുള്ള മുന്‍ ലോക ഫുട്‌ബോളര്‍ കക്ക വിരമിക്കൽ തീരുമാനം മാറ്റി വച്ച് വീണ്ടും ബൂട്ടണിയുന്നു. കളി മികവ് കൊണ്ട് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഉയരങ്ങള്‍ കീഴടക്കിയ കളമൊഴിഞ്ഞ താരം ഇറ്റലിയിലെ മൂന്നാം നിര ടീമായ മോൻസയ്ക്ക് വേണ്ടിയാണ് കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.

ഇറ്റാലിയൻ സീരി എ വമ്പൻമാരായ എ.സി മിലാന് വേണ്ടി ദീർഘകാലം കളിച്ച കക്ക അവരുടെ ഇതിഹാസ താരമെന്ന പദവിയും സ്വന്തമാക്കിയാണ് ക്ലബിന്റെ പടികളിറങ്ങിയത്. ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കക്കയെ തേടിയെത്തിയതും മിലാന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ ബലത്തിലായിരുന്നു. മിലാന്‍ വിട്ട ശേഷം അതുപോലൊരു മാന്ത്രിക പ്രകടനം കക്കയ്ക്കു പിന്നീട് പുറത്തെടുക്കാനായിട്ടുമില്ല. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് കക്ക സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രാഖ്യാപിച്ചത്. 

അന്നത്തെ മിലാൻ ക്ലബിന്റെ ഉടമയായിരുന്ന മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള മോന്‍സയെന്ന ക്ലബ്ബിനു വേണ്ടി കളിക്കാനാണ് ഇപ്പോള്‍ കക്കയുടെ തിരിച്ചുവരവ്. ഇറ്റലിയിലെ മൂന്നാം ഡിവിഷനിലെ ലീഗില്‍ കളിക്കുന്ന ക്ലബായ മോൻസയുടെ ഉടമസ്ഥാവകാശം കുറച്ച് ​ദിവസങ്ങൾക്ക് മുൻപാണ് ബെർലുസ്കോണി സ്വന്തമാക്കിയത്. മിലാനിലായിരിക്കുമ്പോൾ ബെർലുസ്കോണിയുമായി കക്ക സൗഹ‌ൃദം സൂക്ഷിച്ചിരുന്നു. ഈ ബന്ധമാണ് 36കാരനായ താരത്തിന്റെ മടങ്ങി വരവിന് പിന്നിൽ. 

കഴിഞ്ഞ വര്‍ഷം ഫുട്‌ബോളില്‍ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച കക്ക ആരാധകരെ ആഹ്ലാദത്തിമര്‍പ്പിലാക്കുന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ബൂട്ടണിയാന്‍ പോവുകയാണ് താനെന്ന് 36 കാരന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിരമിക്കല്‍ പിന്‍വലിച്ച് തന്റെ ക്ലബിനായി കളിക്കണമെന്ന ബെര്‍ലുസ്‌കോണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കക്ക അപ്രതീക്ഷിതമായൊരു തിരിച്ചുവരവിനു സമ്മതം മൂളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2003 മുതല്‍ 09 വരെ ആറ് വർഷം മിലാന്റെ നെടുംതൂണായിരുന്നു കക്ക. പൗളോ മൾഡീനി, ആന്ദ്രെ ഷെവ്‌ചെങ്കോ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ വലിയൊരു നിര തന്നെ അക്കാലത്ത് മിലാനിലുണ്ടായിരുന്നു. മിലാനു വേണ്ടി 193 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ കക്ക 70 ഗോളുകളും നേടിയിട്ടുണ്ട്. 2009ല്‍ മിലാന്‍ വിട്ട് റയല്‍ മാഡ്രിഡിലെത്തിയ കക്ക 2013ല്‍ മിലാനില്‍ മടങ്ങിയെത്തി. ഒരു സീസണ്‍ മാത്രം കളിച്ച ശേഷം അദ്ദേഹം തന്റെ ആദ്യ ക്ലബായ സാവോപോളോയിലേക്കും അവിടെ നിന്ന് അമേരിക്കന്‍ ലീഗിലെ ഒര്‍ലാന്‍ഡോ സിറ്റിയിലേക്കും ചേക്കേറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com