ഖേല്‍രത്‌നയില്ല; ബജ്‌രംഗിനും വിനേഷിനും പത്മശ്രീ ശുപാര്‍ശ

ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട് എന്നിവര്‍ക്ക് പത്മശ്രീ ശുപാര്‍ശ
ഖേല്‍രത്‌നയില്ല; ബജ്‌രംഗിനും വിനേഷിനും പത്മശ്രീ ശുപാര്‍ശ

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട് എന്നിവര്‍ക്ക് പത്മശ്രീ ശുപാര്‍ശ. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായി രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്ന് അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടുപോയ താരങ്ങളാണ് ഇരുവരും. മാനദണ്ഡപ്രകാരമുള്ള പോയിന്റുകള്‍ മുഴുവനുണ്ടായിട്ടും തന്നെയും വിനേഷിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാഞ്ഞത് ചോദ്യം ചെയ്ത് നേരത്തെ ബജ്‌രംഗ് രംഗത്തെത്തിയിരുന്നു. പിന്നീട് കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെ കണ്ട് പരാതി പറഞ്ഞ ബജ്‌രംഗിനെ മന്ത്രി ആശ്വസിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രാലയം ഇരു താരങ്ങളേയും പത്മശ്രീക്കായി ശുപാര്‍ശ ചെയ്തത്. 

റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പത്മ പുരസ്‌കാരത്തിന് ഇരുവരുടേയും പേര് നല്‍കിയിരുന്നില്ല. കായിക മന്ത്രാലയം ഇരുവരുടേയും പേരുകള്‍ ശുപാര്‍ശ ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹനത്തിലെ നിലവിലെ ലോക വനിതാ ചാംപ്യന്‍ മീരബായ് ചാനുവിനുമാണ് ഇത്തവണത്തെ ഖേല്‍രത്‌ന സമ്മാനിച്ചത്. 

ഇതിനെ എതിര്‍ത്താണ് ബജ്‌രംഗ് പുനിയ രംഗത്തെത്തിയത്. അര്‍ഹതയുണ്ടായിട്ടും തന്നെയും വിനേഷ് ഫോഗട്ടിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്ന് കാണിച്ച് ബജ്‌രംഗ് വിമര്‍ശനം ഉന്നയിച്ചതോടെ സംഭവം വിവാദമായി. പിന്നാലെ കായിക മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്ത് ബജ്‌രംഗ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലെത്തി. എന്നാല്‍ കായിക മന്ത്രിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയ ബജ്‌രംഗ് കോടതിയിലേക്ക് പോകാനുള്ള തീരുമാനം പിന്‍വലിക്കുകയായിരുന്നു. 

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്കായി ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരങ്ങളാണ് ബജ്‌രംഗും വിനേഷും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com