വീൻഡീസിനെതിരേ ഇന്ത്യ ഇറങ്ങുന്നു; ലക്ഷ്യം പക്ഷേ ഓസ്ട്രേലിയയാണ്; ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

വെസ്റ്റിൻഡ‍ീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ രാജ്കോട്ടിൽ ആരംഭിക്കും.
വീൻഡീസിനെതിരേ ഇന്ത്യ ഇറങ്ങുന്നു; ലക്ഷ്യം പക്ഷേ ഓസ്ട്രേലിയയാണ്; ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

രാജ്‌കോട്ട്: ഏഷ്യാ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ വെസ്റ്റിൻഡ‍ീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ രാജ്കോട്ടിൽ ആരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടാതെ, അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.

ടെസ്റ്റ് റാങ്കിങ്ങിൽ എട്ടാമതുള്ള വിൻഡീസിനെതിരെ ഒന്നാം നിരയെയല്ല ഇന്ത്യ കളത്തിലിറക്കുന്നത്. എങ്കിലും ഈ പരമ്പരയ്ക്കു തൊട്ടുപിന്നാലെയുള്ള ഓസ്ട്രേലിയൻ പര്യടനത്തിനുള്ള മുന്നൊരുക്കമായാണ് പരമ്പരയെ ഇന്ത്യ കാണുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണിലേക്കാണ് ഇന്ത്യ അടുത്ത മാസം യാത്ര തിരിക്കുന്നത് എന്നതും കാണേണ്ടതുണ്ട്. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് ഏഷ്യാ കപ്പിനായി യാത്ര തിരിച്ച ഇന്ത്യ കിരീടവുമായാണ് നാട്ടിലെത്തിയത്. നാട്ടില്‍ വിന്‍ഡീസില്‍ നിന്ന് കാര്യമായ വെല്ലുവിളി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

പക്ഷേ, അടുത്തമാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം വിരാട് കോഹ്‌ലി
ക്കും ഇന്ത്യക്കും കനത്ത വെല്ലുവിളിയായേക്കും. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടത് ഓസ്‌ട്രേലിയന്‍ പര്യടനത്തെ അതീവ ഗൗരവത്തോടെ കാണാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4–1നു തോറ്റ ഇന്ത്യയ്ക്ക് ടെസ്റ്റിലെ ഒന്നാം റാങ്ക് നിലനിർത്താൻ വിൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ സമ്പൂർണ വിജയം അനിവാര്യമാണ്. വിൻഡീസിനെതിരായ പരമ്പര ഇന്ത്യ 2–0നു തോൽക്കുകയും പാക്കിസ്ഥാനെതിരായെ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 2–0നു സ്വന്തമാക്കുകയും ചെയ്താൽ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനം കൈയടക്കും. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർന്നടിഞ്ഞ ഓപണിങ് നിരയെ ഇന്ത്യ പാടേ ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യ കപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ശിഖർ ധവാനെയും തഴഞ്ഞതോടെ മുംബൈ യുവതാരം പൃഥ്വി ഷായ്ക്കാണ് നറുക്കു വീണിരിക്കുന്നത്. ഷായെ ടീമിലെടുത്തതിൽ സന്തോഷമുണ്ടെന്നും ആക്രമിച്ചു കളിക്കുന്ന ഷായ്ക്ക് ടീമിലെ സ്ഥാനം അരക്കിട്ടുറുപ്പിക്കാനുള്ള അവസരമാണു പരമ്പരയെന്നും വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ പറഞ്ഞു.

ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മയാങ്ക് അഗർവാൾ ടീമിലെത്തിയെങ്കിലും നാളെ അവസരം ലഭിക്കില്ല. ഏഷ്യ കാപ്പിൽ മിന്നും ഫോമിൽ കളിച്ചിട്ടും രോഹിത് ശർമയ്ക്ക് ഇടം നൽകാത്തത് വൻ വിവാദമായിരുന്നു. മുരളി വിജയ്ക്കും ടീമിൽ ഇടമില്ല. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റു പുറത്തായ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും പരമ്പര നഷ്ടമാകും. പേസ് ബൗളർമാരായ ജസ്പ്രിത് ബുമ്റയ്ക്കും ഭുവനേശ്വർ കുമാറിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇഷാന്ത് ശർമയും പരമ്പരയ്ക്കുണ്ടാകില്ല.

പ്രതാപകാലത്ത് വമ്പന്‍മാരായിരുന്നെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചയെ എടുത്തു കാണിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വച്ച് വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസിന് എത്രത്തോളം കഴിയുമെന്ന് കണ്ടറിയണം. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവവും വിന്‍ഡീസിന് തിരിച്ചടിയാണ്. മുത്തശ്ശിയുടെ മരണത്തെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ പേസർ കെമർ റോച്ച് രാജ്കോട്ടിലെ ആദ്യ ടെസ്റ്റിനുണ്ടാകില്ല. ഷാനൽ ഗബ്രിയേലും ജാസൺ ഹോൾഡറും നയിക്കുന്ന പേസ് നിര ഇന്ത്യയെ പൂട്ടുമെന്ന കണക്കുകൂട്ടലിലാണ് വിൻഡീസ് കോച്ച് സ്റ്റ്യുവർട് ലോ. ദേവേന്ദ്ര ബിഷുവാണു ടീമിലെ സ്പിന്നർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com