പൃഥ്വിയുടെ അരങ്ങേറ്റ ശതകം, കോഹ്‍ലിയുടേയും പൂജാരയുടേയും അർധ സെഞ്ച്വറികൾ; ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ വരുതിയിൽ നിർത്തി ഇന്ത്യ
പൃഥ്വിയുടെ അരങ്ങേറ്റ ശതകം, കോഹ്‍ലിയുടേയും പൂജാരയുടേയും അർധ സെഞ്ച്വറികൾ; ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

രാജ്കോട്ട്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ വരുതിയിൽ നിർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ കൈയിലിരിക്കേ മികച്ച സ്കോർ പടുത്തുയർത്താനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കളി നിത്തുമ്പോൾ 72 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 17 റിഷഭ് പന്തുമാണ് ക്രീസിൽ. 

137 പന്തിൽ നാല് ബൗണ്ടറികൾ സഹിതമാണ് കോഹ്‍ലി ടെസ്റ്റിലെ 20–ാം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. നാലാം വിക്കറ്റിൽ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടു തീർത്ത കോഹ്‍ലി ആദ്യ ദിനം ഇന്ത്യൻ സ്കോർ 300 കടത്തി. നേരത്തെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി ഷാ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഒരു ഭാ​ഗത്ത് നിന്നപ്പോൾ കൂട്ടിനായി ചേതേശ്വർ പൂജാരയും ചേർന്നതോടെ ഇന്ത്യ കരുത്തോടെ കുതിച്ചു.

രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ–ചേതേശ്വർ പൂജാര സഖ്യം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് (206) തീർത്തതോടെ ഇന്ത്യ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ട്രാക്കിലായി. പൂജാരയും പൃഥ്വിയും മടങ്ങിയ ശേഷം ഒത്തുചേർന്ന കോഹ്‍ലി–രഹാനെ സഖ്യവും മികവ് പുലർത്തിയത് നിർണായകമായി. നാലാം വിക്കറ്റിൽ കോഹ്‍ലി–രഹാനെ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടുമാണ് (105) ഇന്ത്യയ്ക്ക് കരുത്തായത്. രഹാനെ 92 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 41 റൺസെടുത്തു പുറത്തായി.

അരങ്ങേറ്റ ടെസ്റ്റിൽ കന്നി സെഞ്ച്വറിയുമായി വരവറിയിച്ച പതിനെട്ടുകാരൻ പൃഥ്വി ഷാ, 19–ാം ടെസ്റ്റ് അർധ ശതകം നേടിയ ചേതേശ്വർ പൂജാര എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. അരങ്ങേറ്റം കുറിച്ച ഷാ, 99 പന്തിൽ 15 ബൗണ്ടറി സഹിതമാണ് കന്നി സെഞ്ചുറി പിന്നിട്ടത്. ഷാ 134 റൺസെടുത്തും പൂജാര 86 റൺസെടുത്തും പുറത്തായി. 154 പന്തിൽ 19 ബൗണ്ടറികൾ സഹിതമാണ് ഷാ 134 റൺസെടുത്തത്. പൂജാര 130 പന്തിൽ 14 ബൗണ്ടറികളോടെ 86 റൺസുമെടുത്തു. ലോകേഷ് രാഹുലാണ് (പൂജ്യം) നിരാശപ്പെടുത്തിയ ഏക താരം. 

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറിന്റെ അവസാന പന്തിൽ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനോൻ ഗബ്രിയേൽ വിൻഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രാഹുൽ മടങ്ങിയത്. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത് അവസരം നഷ്ടമാക്കുകയും ചെയ്തു.

രണ്ടാം വിക്കറ്റിൽ പൃഥ്വി- പൂജാര ചേർന്നതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും പിന്നീട് ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് റണ്ണൊഴുകി. വിന്‍ഡീസിനായി ഗബ്രിയേല്‍, ലെവിസ്, ബിഷു, ചെയ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com