ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ബംഗളൂരു എഫ്സിയുടെ ഹോം മത്സരങ്ങളിൽ മാറ്റം. ഒന്‍പത് ദിവസത്തെ ഇടവേളയ്ക്കു ശേഷം മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോഴാണ് മത്സര ക്രമത്തിലെ ഈ മാറ്റം. അമര്‍ തമര് കൊല്‍ക്കത്തയ്ക്കെതിരെ ഈ മാസം 31നായിരുന്നു ബംഗളൂരുവിന്റെ ഹോം മത്സരം. രണ്ടാം മത്സരം ഡിസംബര്‍ 13ന് കൊല്‍ക്കത്തയിലും. ഈ മത്സരങ്ങള്‍ പരസ്പരം മാറ്റുകയായിരുന്നു. ഇതോടെ ഡിസംബര്‍ 13ന് നടക്കേണ്ട മത്സരം ഒക്ടോബര്‍ 31നും, ഒക്ടോബര്‍ 31ന് നടക്കേണ്ട മത്സരം ഡിസംബര്‍ 13നും അരങ്ങേറും.
കര്‍ണാടക സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുന്നതിനാൽ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആവശ്യത്തെ തുടര്‍ന്നാണ് ഐഎസ്എല്‍ അധികൃതര്‍ മത്സരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മത്സരം നടക്കേണ്ട ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
നവംബര്‍ 12 മുതല്‍ 21 വരെയാണ് ലീഗിന്റെ അടുത്ത ഇടവേള. പിന്നാലെ 2019 ജനുവരിയില്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് കളിക്കാനുള്ളതിനാല്‍ ഡിസംബര്‍ 17 മുതല്‍ ലീഗ് നീണ്ട ഇടവേളയിലേക്ക് പ്രവേശിക്കും. പിന്നീട് ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ പുനരാരംഭിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ