പത്ത് പേരായി ചുരുങ്ങിയിട്ടും സ്വന്തം തട്ടകത്തിൽ സമനിലയോടെ മത്സരം രക്ഷിച്ചെടുത്ത് വടക്കുകിഴക്കൻമാർ ഒന്നാമത്

എെഎസ്എൽ അഞ്ചാം സീസണിലെ ഹോം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് 1-1ന് സമനില സ്വന്തമാക്കുകയായിരുന്നു
പത്ത് പേരായി ചുരുങ്ങിയിട്ടും സ്വന്തം തട്ടകത്തിൽ സമനിലയോടെ മത്സരം രക്ഷിച്ചെടുത്ത് വടക്കുകിഴക്കൻമാർ ഒന്നാമത്

ഗുവാഹത്തി: പത്ത് പേരായി ചുരുങ്ങിയിട്ടും സ്വന്തം തട്ടകത്തിൽ സമനില സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. എെഎസ്എൽ അഞ്ചാം സീസണിലെ ഹോം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് 1-1ന് സമനില സ്വന്തമാക്കുകയായിരുന്നു. ഇതോടെ രണ്ട് ജയവും രണ്ട് സമനിലയുമായി നോർത്ത് ഈസ്റ്റ് എട്ട് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയരുകയും ചെയ്തു. ആറ് പോയിന്റുമായി ജംഷഡ്പുര്‍ നാലാം സ്ഥാനത്ത്.

20ാം മിനുട്ടില്‍ ജംഷഡ്പുര്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് നായകന്‍ ഓഗ്ബച്ചെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരം ഈ മത്സരത്തിലും മികവ് തുടര്‍ന്നു. ബോക്‌സിനുള്ളില്‍ നിന്ന് ലഭിച്ച പന്ത് പ്രതിരോധ നിരയെ കബളിപ്പിച്ച ഒരു ടേണിലൂടെ ഓഗ്ബച്ചെ വലയിലെത്തിക്കുകയായിരുന്നു. സീസണിലെ താരത്തിന്റെ അഞ്ചാം ഗോളാണിത്. 

ആദ്യ പകുതിയുടെ അധിക സമയത്തിന്റെ മൂന്നാം മിനുട്ടില്‍ ജംഷഡ്പുരിന്റെ കാല്‍വോയെ ഫൗള്‍ ചെയ്തതിന് മിസ്ലാവ് കൊമോര്‍സ്‌കിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത് രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായി. ആദ്യ പകുതിയിലെ മേധാവിത്വം നോര്‍ത്ത് ഈസ്റ്റിന് രണ്ടാം പകുതിയില്‍ നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

രണ്ടാം പകുതി തുടങ്ങി 49 മിനുട്ടില്‍ ജംഷഡ്പുര്‍ ഗോള്‍ മടക്കി. പാബ്ലോ മൊര്‍ഗാഡോയുടെ ക്രോസില്‍ നിന്ന് ഫറൂഖ് ചൗധരിയാണ് അവരുടെ സമനില ഗോള്‍ നേടിയത്. പിന്നീട് പ്രതിരോധം ശക്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വഴങ്ങാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു. 

മത്സരത്തില്‍ 65 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ജംഷഡ്പുരായിരുന്നു. പാസുകളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് മത്സരത്തിലുടനീളം 335 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജംഷഡ്പുര്‍ 603 പാസകള്‍ പൂര്‍ത്തിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com