ലോക കപ്പ് ടീമില്‍ നോട്ടമിട്ട് ഒരാള്‍ കൂടി; സെലക്ടമാരെ ആശങ്കയിലാക്കി യുവ താരങ്ങള്‍

അശ്വിന്റെ പന്ത് ബൗണ്ടറി ലൈന്‍ തൊടിയിക്കാതെ പറത്തിയ ശുബ്മാന്റെ സ്‌കില്‍ മാത്രം മതി ഈ കൗമാരക്കാരനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം
ലോക കപ്പ് ടീമില്‍ നോട്ടമിട്ട് ഒരാള്‍ കൂടി; സെലക്ടമാരെ ആശങ്കയിലാക്കി യുവ താരങ്ങള്‍

ലോക കപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കുകയാണ് ഇന്ത്യ. പൃഥ്വി ഷായും റിഷഭ് പന്തും ഒന്നിനൊന്ന് മികവ് കാണിക്കുന്നതിന് ഇടയില്‍ സെലക്ടര്‍മാരുടെ മുന്നിലേക്ക് ഇപ്പോള്‍ തന്റെ പേര് കൂടി വയ്ക്കുകയാണ് ശുബ്മാന്‍ ഗില്‍. 

വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന്റെ ടോപ് റണ്‍ സ്‌കോററായതിന് പിന്നാലെ ഡിയോഡര്‍ ട്രോഫിയിലും മിന്നുന്ന ഫോമില്‍ തന്നെയാണ് ശുബ്മന്‍. ചൊവ്വാഴ്ച, രവിചന്ദ്രന്‍ അശ്വിന്റെ പന്ത് ബൗണ്ടറി ലൈന്‍ തൊടിയിക്കാതെ പറത്തിയ ശുബ്മാന്റെ സ്‌കില്‍ മാത്രം മതി ഈ കൗമാരക്കാരനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം. 

ഇന്ത്യ എയ്‌ക്കെതിരെ ഡിയോഡര്‍ ട്രോഫിയില്‍ ഗില്ലിന്റെ 106 റണ്‍സായിരുന്നു ഇന്ത്യ സിയ്ക്ക് തുണയായത്. പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് പിന്നാലെ ഗില്ലും ഇപ്പോള്‍ സെലക്ടര്‍മാരുടെ റഡാറിലേക്ക് എത്തുകയാണ്. വിദേശ പിച്ചില്‍ ഉള്‍പ്പെടെ മികവ് പുലര്‍ത്തിയ മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇതുവരെ സാധിക്കാതെ നില്‍ക്കുമ്പോഴാണ് ഗില്ലിന്റേയും വരവ്. 

മനീഷ് പാണ്ഡേയ്‌ക്കൊപ്പം ഗില്ലും വിന്‍ഡിസിനെതിരായ അവസാന ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍ മത്സരം മൂന്ന് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ ഗില്ലിന് ഡ്രസിങ് റൂമിനോട് ഇണങ്ങാനുള്ള അവസരം പോലും ലഭിച്ചില്ല. അവസരങ്ങള്‍ എല്ലാം പരമാവധി പ്രയോജനപ്പെടുത്തുവാനാണ് ടീം മാനേജ്‌മെന്റ് തന്നോട് നിര്‍ദേശിച്ചതെന്ന് ഗില്‍ പറയുന്നു. 

ഇന്ത്യന്‍ ടീമിലേക്ക് എത്തി അവിടെ സ്ഥാനം നിലനിര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി എനിക്ക് കിരീടങ്ങള്‍ നേടണം എന്ന് ഗില്‍ പറയുന്നു. ദ്രാവിഡാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ അധികമായി അദ്ദേഹം ഞങ്ങള്‍ക്ക് ഒപ്പമുണ്ട്. എന്റെ ബാറ്റിങ് ശൈലിയില്‍ ഈ നാളുകളില്‍ അദ്ദേഹം മാറ്റം കൊണ്ടുവന്നുവെന്നും ഗില്‍ പറയുന്നു. 

ലോക കപ്പ് തന്നെയാണ് ഞാനും ലക്ഷ്യം വയ്ക്കുന്നത്. ഏതൊരു താരത്തിന്റേയും സ്വപ്‌നം അതാണ്. ലോക കപ്പ് ടീമിലേക്ക് എത്തുന്നതിന് വേണ്ടി മികച്ച കളി പുറത്തെടുക്കും. അവസരം ലഭിച്ചാല്‍ മികവ് കാണിക്കുമെന്നും പഞ്ചാബി ബാറ്റ്‌സ്മാന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com