ബട്‌ലറുടെ അവസരോചിത ബാറ്റിങ്; ലീഡ് 200 കടത്തി ഇംഗ്ലണ്ട്

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയില്‍
ബട്‌ലറുടെ അവസരോചിത ബാറ്റിങ്; ലീഡ് 200 കടത്തി ഇംഗ്ലണ്ട്

സതാംപ്ടന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇംഗ്ലണ്ട് 233 റണ്‍സ് ലീഡ് സ്വന്തമാക്കി. കളി നിര്‍ത്തുമ്പോള്‍ 67 പന്തില്‍ 37 റണ്‍സുമായി സാം കുറന്‍ പുറത്താകാതെ നില്‍ക്കുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ രണ്ടും ജസ്പ്രീത് ബുമ്‌റ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 273 റണ്‍സ് കണ്ടെത്തി 27 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. 

രണ്ടാം ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെ അവസരോചിത ബാറ്റിങാണ് ഇംഗ്ലീഷ് സ്‌കോര്‍ 200 കടത്തിയത്. 

വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 24ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 39 പന്തില്‍ ഒരു ബൗണ്ടറി സഹിതം 12 റണ്‍സെടുത്ത അലിസ്റ്റല്‍ കുക്കിനെ ജസപ്രീത് ബുമ്‌റ സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ക്രീസിലെത്തിയ മോയിന്‍ അലി രണ്ട് ബൗണ്ടറികള്‍ നേടി മികച്ച തുടക്കമിട്ടെങ്കിലും സ്‌കോര്‍ 33ല്‍ നില്‍ക്കെ ഇഷാന്തിന്റെ പന്തില്‍ രാഹുലിന് തന്നെ ക്യാച്ച് നല്‍കി മടങ്ങി. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ നേടിയ ഒന്‍പത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 

കൂട്ടത്തകര്‍ച്ചയിലേക്ക് ആതിഥേയര്‍ പോകുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ടും കീറ്റന്‍ ജെന്നിങ്‌സും ഒരുമിച്ചതോടെ അവര്‍ കരകയറി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് മുന്നേറിയ ഈ കൂട്ടുകെട്ട് സ്‌കോര്‍ 92ല്‍ നില്‍ക്കെ ജെന്നിങ്‌സ് പുറത്താക്കി മുഹമ്മദ് ഷമി പൊളിച്ചു. 87 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സായിരുന്നു ജെന്നിങ്‌സിന്റെ സമ്പാദ്യം.

ലഞ്ചിന് ശേഷം കളി തുടങ്ങി ആദ്യ പന്തില്‍ തന്നെ ബെയര്‍സ്‌റ്റോയെ ഷമി സംപൂജ്യനാക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും വെട്ടിലായി. പിന്നാലെ ഇംഗ്ലണ്ടിനായി നിലയുറപ്പിച്ചു വന്ന ജോ റൂട്ട് അര്‍ധ സെഞ്ച്വറിക്കു തൊട്ടരികെ പുറത്തായതോടെ അഞ്ചിന് 122 റണ്‍സ് എന്ന നിലയിലായി ഇംഗ്ലണ്ട്. മികച്ച പ്രകടനവുമായി കളം നിറഞ്ഞ റൂട്ട് റണ്ണൗട്ടാവുകയായിരുന്നു. 88 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം റൂട്ട് 48 റണ്‍സെടുത്തു. 

പിന്നീട് ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വീണ്ടും കൈപ്പിടിച്ചുയര്‍ത്തി. 30 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സിനെ അശ്വിന്റെ പന്തില്‍ രഹാനെ ക്യാച്ചെടുത്തു പുറത്താക്കി. പിന്നീടെത്തിയ സാം കുറനും ബട്‌ലറെ പിന്തുണച്ചതോടെയാണ് സ്‌കോര്‍ 200 കടന്നത്. ബട്‌ലര്‍ 122 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹിതം 69 റണ്‍സ് കണ്ടെത്തി. സ്‌കോര്‍ 233ല്‍ നില്‍ക്കെയാണ് ബട്‌ലറെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ ആദില്‍ റഷീദ് 11 റണ്‍സെടുത്ത് മുഹമ്മദ് ഷമിക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതിന് പിന്നാലെ മൂന്നാം ദിനത്തിലെ കളി അവസാനിപ്പുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com