ഒരു ക്ലാസിക്ക് ഇന്നിങ്‌സിനും കൂടി വിരാമമാകുന്നു; ടെസ്റ്റിനോട് ഗുഡ്‌ബൈ പറയാനൊരുങ്ങി അലസ്റ്റയര്‍ കുക്ക് 

ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും കുക്ക് വിരമിക്കുക. ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അലിസ്റ്റര്‍ കുക്കിനുളള യാത്രയയപ്പാകും 
ഒരു ക്ലാസിക്ക് ഇന്നിങ്‌സിനും കൂടി വിരാമമാകുന്നു; ടെസ്റ്റിനോട് ഗുഡ്‌ബൈ പറയാനൊരുങ്ങി അലസ്റ്റയര്‍ കുക്ക് 

ലണ്ടന്‍: സൗന്ദര്യത്തികവും ക്ലാസിസവും ചേര്‍ന്ന ബാറ്റിങിനാല്‍ ക്രിക്കറ്റ് ലോകത്തെ ആനന്ദിപ്പിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റയര്‍ കുക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന കുക്ക് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും കുക്ക് വിരമിക്കുക. ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അലിസ്റ്റര്‍ കുക്കിനുളള യാത്രയയപ്പാകും.

ഇംഗ്ലണ്ടിനെ 59 ടെസ്റ്റ് മത്സരങ്ങളില്‍ നയിക്കാന്‍ കുക്കിന് സാധിച്ചു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്യാപ്റ്റനായ താരമെന്ന റെക്കോര്‍ഡും കുക്കിന് സ്വന്തം. 

160 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ 33കാരനായ കുക്ക് 289 ഇന്നിങ്‌സുകള്‍ കളിച്ച് 12,254 റണ്‍സുകളാണ് അടിച്ചെടുത്തത്. 32 സെഞ്ച്വറികളും 56 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി. 294 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിന മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറയും 19 അര്‍ധ ശതവുമടക്കം 3204 റണ്‍സാണ് സമ്പാദ്യം. 137 റ്ണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. നാല് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. 2006ല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരേയായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2006ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. നാല് വര്‍ഷമായി ടെസ്റ്റില്‍ മാത്രമാണ് കുക്ക് കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22,386 റണ്‍സ് അടിച്ചുകൂട്ടിയിട്ടുളള കുക്ക് 62 സെഞ്ച്വറിയും 106 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 

കുറച്ചുകാലമായി ടെസ്റ്റില്‍ നടത്തുന്ന ദയനീയ പ്രകടനമാണ് അമ്പരപ്പിക്കുന്ന തീരുമാനം എടുക്കാന്‍ കുക്കിനെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ കുക്കിന് സാധിച്ചിട്ടില്ല. 16 ഇന്നിങ്‌സുകള്‍ കളിച്ച് 18.62 ശരാശരി മാത്രമാണ് കുക്കിന്റെ ഈ വര്‍ഷത്തെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി.

ടെസ്റ്റ് റണ്‍വേട്ടയില്‍ ആറാം സ്ഥാനത്താണ് കുക്ക്. ഓപണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് കുക്കിന് സ്വന്തം. 11,627 റണ്‍സാണ് താരം ഓപണറായി എത്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com