ഒറ്റയടിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടിയിരുന്നോ; ഫുട്‌ബോള്‍ ലോകം അല്‍പ്പം കണ്‍ഫ്യൂഷനിലാണ്; യുവേഫയുടെ തീരുമാനം 27ന് അറിയാം

വലന്‍സിയയ്‌ക്കെതിരെ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് അവസാനിക്കുന്നില്ല
ഒറ്റയടിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടിയിരുന്നോ; ഫുട്‌ബോള്‍ ലോകം അല്‍പ്പം കണ്‍ഫ്യൂഷനിലാണ്; യുവേഫയുടെ തീരുമാനം 27ന് അറിയാം


വലന്‍സിയയ്‌ക്കെതിരെ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് അവസാനിക്കുന്നില്ല. ഇക്കാര്യത്തില്‍ രണ്ട് തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ ഫൗള്‍ അത്ര ഗുരുതരമായിരുന്നില്ലെന്നും മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഭൂരിപക്ഷം പേര്‍ വിലയിരുത്തുന്നു. എതിര്‍ ടീം അംഗത്തിന്റെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നതു കുറ്റകരമെന്നുള്ള ഫിഫ ചട്ടം നിലവിലുള്ളതിനാല്‍ ക്രിസ്റ്റ്യാനോയ്ക്കു ചുവപ്പു കാര്‍ഡ് നല്‍കിയതില്‍ തെറ്റില്ല എന്നാണ് മറ്റൊരു വിലയിരുത്തല്‍. 

അതേസമയം വിഷയത്തില്‍ യുവേഫ കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ മാസം 27ന് യുവേഫയുടെ അച്ചടക്ക സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. എത്ര മത്സരങ്ങളില്‍ വിലക്ക് എന്നതടക്കമുള്ളവ സമിതി പരിഗണിക്കും.

ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനായുള്ള അരങ്ങേറ്റ മത്സരത്തിന്റെ 29ാം മിനുട്ടില്‍ പന്തിനായുള്ള പോരാട്ടത്തിനിടെ ബോക്‌സിനുള്ളില്‍ വീണ വലന്‍സിയ ഡിഫന്‍ഡര്‍ ജെയ്‌സണ്‍ മുറില്ലോയുടെ മുടിയില്‍ ക്രിസ്റ്റ്യാനോ പിടിച്ചു വലിച്ചെന്ന സംശയത്തിലാണ് ജര്‍മന്‍ റഫറി ഫെലിക്‌സ് ബ്രിച്ച് ചുവപ്പു കാര്‍ഡ് പുറത്തെടുത്തത്. റഫറിയുടെ തീരുമാനത്തില്‍ സ്തബ്ധനായ ക്രിസ്റ്റ്യാനോ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി പൊട്ടിക്കരഞ്ഞുകൊണ്ടാണു മൈതാനം വിട്ടത്. 154 ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടെ ആദ്യമായാണ് ക്രിസ്റ്റ്യാനോ ചുവപ്പു കാര്‍ഡ് വാങ്ങുന്നത്. 

നിലത്തു വീണുപോയ മുറില്ലോയെ ക്രിസ്റ്റ്യാനോ തട്ടിയെഴുന്നേല്‍പ്പിക്കുകയായിരുന്നോ അതോ മുടിയില്‍ പിടിച്ചു വലിക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്നത് റീപ്ലേയില്‍ വ്യക്തമല്ല. ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിഎആര്‍ സഹായം ലഭ്യമാക്കുന്നതിന് യുവേഫ അനുമതി നല്‍കിയിട്ടില്ലാത്തതും തിരിച്ചടിയായി.

യുവന്റസ് 2-0ത്തിന് ജയിച്ചെങ്കിലും ചുവപ്പു കാര്‍ഡ് കണ്ടതിനാല്‍ ക്രിസ്റ്റ്യാനോയ്ക്കു തന്റെ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പോരാട്ടമടക്കം കളിക്കാന്‍ സാധിക്കില്ല. തീരുമാനത്തിനെതിരെ യുവന്റസ് അപ്പീല്‍ നല്‍കിയേക്കും. 

ക്രിസ്റ്റിയാനോക്കെതിരായ നടപടി നിരാശപ്പെടുത്തുന്നതാണെന്ന് യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു. വിഎആര്‍ സാങ്കേതികത ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഉപകാരപ്പെടും എന്ന് മാത്രമാണ് ഈ ഘട്ടത്തില്‍ പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com