ഡി ലിറ്റ് വേണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; പഠിച്ചു നേടാത്തതിനാല്‍ ധാര്‍മികമായി തെറ്റ്; മേരി കോമിന് നല്‍കും

ധാര്‍മികതയുടെ പേരില്‍ ഡി ലിറ്റ് ബിരുദം നിരസിച്ച് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഡി ലിറ്റ് വേണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; പഠിച്ചു നേടാത്തതിനാല്‍ ധാര്‍മികമായി തെറ്റ്; മേരി കോമിന് നല്‍കും

ന്യൂഡല്‍ഹി: ധാര്‍മികതയുടെ പേരില്‍ ഡി ലിറ്റ് ബിരുദം നിരസിച്ച് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ജാദവ്പ്പൂര്‍ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റാണ് സച്ചിന്‍ നിരസിച്ചത്. ധാര്‍മികത കണക്കിലെടുത്താണ് ഡോക്ടറേറ്റ് സ്വീകരിക്കാത്തതെന്ന് സച്ചിന്‍ ഇമെയില്‍ വഴി അറിയിച്ചതായി വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് വ്യക്തമാക്കി. 

സച്ചിന്‍ ഡോക്ടറേറ്റ് നിരസിച്ച സാഹചര്യത്തില്‍ ഒളിംപ്യനും അഞ്ച് തവണ ലോക ജേത്രിയുമായ വനിതാ ബോക്‌സിങ് ഇതിഹാസം മേരി കോമിന് ബഹുമതി സമ്മാനിക്കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 24ന് നടക്കുന്ന കോണ്‍വെക്കേഷനില്‍ ബഹുമതി സമ്മാനിക്കും. 

താന്‍ പഠിച്ചു നേടാത്തതിനാല്‍ ഡി ലിറ്റ് സ്വീകരിക്കുന്നത് ധാര്‍മികമായി തെറ്റാണെന്ന് സച്ചിന്‍ അയച്ച കുറിപ്പില്‍ പറയുന്നു. 
ഇത്തരത്തിലുള്ള ബഹുമതികള്‍ സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്നും മുന്‍പ് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റും താന്‍ ഇത്തരത്തില്‍ നിരസിച്ചിട്ടുണ്ടെന്നും സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2011ല്‍ രാജീവ് ഗാന്ധി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയപ്പോഴും സച്ചിന്‍ സമാനമായ രീതിയില്‍ നിരസിച്ചിരുന്നു.

അഞ്ച് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇതിഹാസമാണ് മേരി കോം. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറുമാണ് മേരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com