എന്തൊരു ദുരന്തം ഈ മാഞ്ചസ്റ്റർ യുനൈറ്റഡ്; വെസ്റ്റ് ഹാമിനോടും തോൽവി; മൗറീഞ്ഞോയുടെ പരിശീലക സ്ഥാനം പരുങ്ങലിൽ

എന്തൊരു ദുരന്തം ഈ മാഞ്ചസ്റ്റർ യുനൈറ്റഡ്; വെസ്റ്റ് ഹാമിനോടും തോൽവി; മൗറീഞ്ഞോയുടെ പരിശീലക സ്ഥാനം പരുങ്ങലിൽ

ലണ്ടന്‍: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ 29 വർഷത്തിന് ശേഷമുള്ള ഏറ്റവും മോശം തുടക്കവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. എവേ പോരാട്ടത്തിൽ വെസ്റ്റ് ഹാം യുനൈറ്റഡിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഒന്നിനെതിരേ മൂന്ന് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ മറ്റൊരു ദുരന്തക്കാഴ്ചയായി മാറിയത്. ലീഗില്‍ ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച് അവർ പത്ത് പോയിന്റുകളുമായി പത്താം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ ദിവസം ലീഗ‌്‌ കപ്പില്‍ ഡെര്‍ബി കണ്‍ട്രിയോടെ തോറ്റു പുറത്തായതിനു പിന്നാലെയാണ‌് ഹൊസെ മൗറീഞ്ഞോ മറ്റൊരു പ്രഹരം കൂടി ഏറ്റുവാങ്ങിയത‌്. തോല്‍വിയോടെ മൗറീഞ്ഞോയുടെ പരിശീലക പദവി തുലാസിലായി. ഈയാഴ്ച തന്നെ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയാലും അത്ഭുതപ്പെടാനില്ല. 

ഫിലിപ്പെ ആന്‍ഡേഴ്സൻ, മാര്‍കോ അര്‍ണോട്ടോവിച്ച‌് എന്നിവര്‍ വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടപ്പോൾ മൂന്നാം ​ഗോൾ മാഞ്ചസ്റ്റർ പ്രതിരോധക്കാരന്‍ വിക്ടര്‍ ലിന്‍ഡലോഫിന്റെ സെൽഫ് ​ഗോൾ ദാനമായി. മാര്‍കസ് റാഷ്ഡാഫോഡാണ‌് മാഞ്ചസ്റ്ററിന്റെ ആശ്വാസ ഗോള്‍ നേടിയത‌്. 

തുടക്കത്തിലേ പ്രതിരോധത്തിലൂന്നി കളിച്ച മാഞ്ചസ്റ്ററിനെ അഞ്ചാം മിനുട്ടിലെ ​ഗോളിലൂടെ വെസ‌്റ്റ‌് ഹാം ഞെട്ടിച്ചു. ആന്‍ഡേഴ്സനാണ് ​ഗോൾ കണ്ടെത്തിയത്. അര്‍ജന്റീന താരം പബ്ലോ സബാലെറ്റ വലതു പാര്‍ശ്വത്തില്‍ നിന്ന‌് നല്‍കിയ പാസില്‍ നിന്നാണ‌് ആന്‍ഡേഴ‌്സൻ വല കുലുക്കിയത‌്. ഇടവേളയ‌്ക്കു പിരിയുന്നതിന‌് നിമിഷങ്ങള്‍ക്കു മുൻപ് വെസ‌്റ്റ‌് ഹാം ലീഡുയുര്‍ത്തി. യുണനൈറ്റഡിന്റെ പ്രതിരോധക്കാരന്‍ ലിന്‍ഡലോഫിന്റെ വകയായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ‌് മുന്നേറ്റക്കാരന്‍ റാഷ‌്ഫോ‍ഡ് യുനൈറ്റഡിനായി ഗോള്‍ നേടി‌. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ അര്‍ണോട്ടോവിച്ച‌് വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോളും നേടി. 

മറ്റു മത്സരങ്ങളില്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റണിനെയും ടോട്ടനം ഹോട്സപര്‍ ഹഡ്ഡേഴ്സ്ഫീല്‍ഡ് ടൗണിനെയും അഴ്സണല്‍ വാട്ഫോർ‍ഡിനേയും തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടിയ ഹാരി കെയ്നിന്റെ മികവിലാണ് ടോട്ടനം ജയം സ്വന്തമാക്കിയത്. സെര്‍ജിയോ അ​ഗ്യെറോയും റഹീം സ്റ്റര്‍ളിങ്ങുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. കരുത്തരായ ചെൽസി- ലിവർപൂൾ പോരാട്ടം 1-1ന് സമനിലയിൽ പിരിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com