പിതാവിനെ ഒപ്പം കൂട്ടാന്‍ അനുവദിക്കാതെ കായിക മന്ത്രാലയം; ചോദ്യം ചെയ്ത് സൈന നെഹ് വാള്‍

ലിസ്റ്റില്‍ നിന്നും പേര് ഒഴിവാക്കിയതോടെ ഗെയിംസ്  വില്ലേജില്‍ പ്രവേശിക്കുവാനോ, സൈനയുടെ മത്സരങ്ങള്‍ കാണുവാനോ പിതാവിന് സാധിക്കില്ല
പിതാവിനെ ഒപ്പം കൂട്ടാന്‍ അനുവദിക്കാതെ കായിക മന്ത്രാലയം; ചോദ്യം ചെയ്ത് സൈന നെഹ് വാള്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ അനുഗമിക്കുന്ന കുടുംബാംഗങ്ങളുടെ ലിസ്റ്റില്‍ നിന്നും തന്റെ പിതാവിന്റെ പേര് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍. ലിസ്റ്റില്‍ നിന്നും പേര് ഒഴിവാക്കിയതോടെ ഗെയിംസ്  വില്ലേജില്‍ പ്രവേശിക്കുവാനോ, സൈനയുടെ മത്സരങ്ങള്‍ കാണുവാനോ പിതാവിന് സാധിക്കില്ല.

സൈനയുടെ പിതാവിന് പുറമെ പി.വി.സിന്ധുവിന്റെ അമ്മയേയും സര്‍ക്കാര്‍ ചിലവില്‍ താരങ്ങളെ അനുഗമിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന സമയം പിതാവ് കൂടെ വരുന്നതില്‍ പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗെയിംസ് വില്ലേജില്‍ എത്തി കഴിഞ്ഞപ്പോള്‍ പിതാവിന്റെ പേര് ലിസ്റ്റില്‍ ഇല്ലെന്നാണ് പറയുന്നത്. 

പിതാവിനെ ഒപ്പം കൂട്ടുന്നതിനായുള്ള മുഴുവന്‍ തുകയും താന്‍ നല്‍കിയതാണെന്നും സൈന ട്വീറ്റില്‍ പറയുന്നു. എനിക്കൊപ്പം താമസിക്കാന്‍ സാധിക്കില്ല, എന്റെ മത്സരങ്ങള്‍ കാണാനാവില്ല എന്നതിന് പുറമെ എന്നെ ഒരുതരത്തിലും കാണാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. എന്ത് തരം പിന്തുണയാണ് ഇതിലൂടെ താരങ്ങള്‍ക്ക നല്‍കുന്നതെന്നും സൈന ചോദിക്കുന്നു. 

മത്സരങ്ങളില്‍ ഞാന്‍ പിതാവിനേയും ഒപ്പം കൂട്ടാറുണ്ട്. എനിക്കദ്ദേഹത്തിന്റെ പിന്തുണ വേണം എന്നുള്ളത് കൊണ്ടാണ് ഇത്. എന്തുകൊണ്ട് പിതാവിനെ ഒപ്പം കൂട്ടാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ തന്നെ പുറപ്പെടുന്നതിന് മുന്‍പ് അറിയിച്ചില്ലെന്നും സൈന ട്വീറ്റ് ചെയ്യുന്നു. 

സിന്ധുവിന്റേയും, സൈനയുടേയും മാതാപിതാക്കള്‍ ഉള്‍പ്പെടെ 15 പേരെയാണ് സര്‍ക്കാര്‍ ചിലവില്‍ ഗെയിംസ് വില്ലേജില്‍ എത്തിക്കേണ്ടതില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്. ഏപ്രില്‍ നാലിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായി 326 അംഗ ഇന്ത്യന്‍ സംഘമാണ് തിരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com