ഐപിഎല്ലിനേക്കാള്‍ വലുത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്; ഐപിഎല്ലിലേക്ക് ഇനി വിളിച്ചാലും വരില്ലെന്ന്‌ അഫ്രീദി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണ് വലുത്. ഐപിഎല്ലിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പിന്നിലാക്കുന്ന കാലം വരും
ഐപിഎല്ലിനേക്കാള്‍ വലുത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്; ഐപിഎല്ലിലേക്ക് ഇനി വിളിച്ചാലും വരില്ലെന്ന്‌ അഫ്രീദി

കശ്മീര്‍ വിഷയത്തിലൂന്നിയുള്ള പ്രതികരണത്തിന്റെ പേരില്‍ സച്ചിന്‍, കോഹ് ലി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളില്‍ നിന്നും പാക് താരം ഷാഹിദ് ആഫ്രീദി വിമര്‍ശനം നേരിട്ടു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലാണെങ്കില്‍ ഇന്ത്യക്കാരുടെ പൊങ്കാലയുമുണ്ട് അഫ്രീദിക്ക്. ഇതിനിടയിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റൊരു പ്രതികരണവുമായി അഫ്രിദീ വീണ്ടും വരുന്നത്. 

ഇത്തവണ ക്രിക്കറ്റ് തന്നെയാണ് വിഷയം. ഐപിഎല്ലിനേക്കാള്‍ വലുതാകും പാക്കിസ്ഥാന്‍ സുപ്പര്‍ ലീഗ് എന്ന് അഫ്രീദി പറഞ്ഞതായിട്ടാണ് പാക് സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ സജ് സാദിഖ് ട്വീറ്റ് ചെയ്യുന്നത്. സജ് സാദിഖിന്റെ ട്വീറ്റ് ഇങ്ങനെ, ഇനി അവര്‍ വിളിച്ചാല്‍ പോലും ഞാന്‍ ഐപിഎല്ലിലേക്ക് പോകില്ല. എന്റെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണ് വലുത്. ഐപിഎല്ലിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പിന്നിലാക്കുന്ന കാലം വരും. പിഎസ്എല്‍ ഞാന്‍ ആസ്വദിക്കുന്നു. എനിക്ക് ഐപിഎല്ലിന്റെ ആവശ്യമില്ല. ഐപിഎല്ലില്‍ മുന്‍പത്തെ പോലെ തന്നെ ഇപ്പോഴും തനിക്ക് താത്പര്യം ഇല്ല. 

ആദ്യ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗമായിരുന്നു ഷാഹിദ് അഫ്രീദി. ഒരു സീസണ്‍ മാത്രമേ ഐപിഎല്ലിനായി കളിച്ചിട്ടുള്ളു എങ്കിലും അത് താന്‍ ആസ്വദിച്ചിരുന്നതായും, വിദേശ ലീഗുകള്‍ വെച്ചു നോക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ഒാര്‍ഗനൈസ് ചെയ്തു വരുന്നത് ഐപിഎല്‍ മാത്രമാണെന്നുമായിരുന്ന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് അഫ്രീദി പറഞ്ഞിരുന്നത്. 

കശ്മീരിലെ സ്വയം നിര്‍ണയാവകാശത്തിനായും, സ്വാതന്ത്ര്യത്തിനായും വാദിക്കുന്ന ജനങ്ങളെ വെടിവെച്ചു കൊലപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യുന്നതെന്നായിരുന്നു അഫ്രീദിയുടെ വിവാദ ട്വീറ്റ്. ഐക്യരാഷ്ട് സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ കശ്മീരില്‍ ശ്രദ്ധ കൊടുക്കാത്തത് എന്താണെന്നും ചോദിച്ച് അഫ്രീദി ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com