'ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍', മെസ്സിയും ക്രിസ്റ്റ്യാനോയും കളത്തിന് പുറത്ത്; ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്

മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അര്‍ഹനായി
'ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍', മെസ്സിയും ക്രിസ്റ്റ്യാനോയും കളത്തിന് പുറത്ത്; ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്

പാരിസ് : മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അര്‍ഹനായി. 
ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ബാലണ്‍ദ്യോറും ലൂക്ക മോഡ്രിച്ചിനെ തേടിയെത്തിയത്.  
ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്തം അവസാനിപ്പിച്ചാണ് മോഡ്രിച്ച് ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. നോര്‍വെ താരം അഡ ഹെഗ്ബര്‍ഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. എംബപെയ്ക്ക് മികച്ച അണ്ടര്‍-21 താരത്തിനുള്ള പുരസ്‌കാരമുണ്ട്.

 ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം പാരിസില്‍ നടന്ന ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി.ലോകമെങ്ങും നിന്നുള്ള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയില്‍ നിന്ന് ജേതാവിനെ തിരഞ്ഞെടുത്തത്. മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 476പോയിന്റും മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി.2007ല്‍ ബ്രസീല്‍ താരം കക്കാ പുരസ്‌കാരം നേടിയതിനു ശേഷം ഇതാദ്യമായാണ് മെസ്സിയോ റൊണാള്‍ഡോയോ അല്ലാത്ത ഒരു കളിക്കാരന്‍ പുരസ്‌കാരം നേടുന്നത്.

മെസ്സിയും റൊണാള്‍ഡോയും അഞ്ചു തവണ വീതം പുരസ്‌കാരം പങ്കിട്ടിരുന്നു. ക്രൊയേഷ്യയ്ക്കായി ലോകകപ്പിലും റയല്‍ മഡ്രിഡിനായി ചാംപ്യന്‍സ് ലീഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിലെത്തിച്ചത്. റയല്‍ മഡ്രിഡിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മോഡ്രിച്ച് ക്രൊയേഷ്യയെ ക്യാപ്റ്റനായി ലോകകപ്പ് ഫൈനലിലുമെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com