മിതാലിയെ തള്ളി യുവ താരങ്ങള്‍; പവാറിനെ മാറ്റേണ്ടതില്ലെന്ന് ഹര്‍മന്‍പ്രീതും, സ്മൃതി മന്ദാനയും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റാന്‍ രമേശ് പവാറിന് സാധിച്ചു
മിതാലിയെ തള്ളി യുവ താരങ്ങള്‍; പവാറിനെ മാറ്റേണ്ടതില്ലെന്ന് ഹര്‍മന്‍പ്രീതും, സ്മൃതി മന്ദാനയും

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രമേശ് പവാര്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തി നില്‍ക്കെ രമേശ് പവാര്‍ തുടരണം എന്ന ആവശ്യവുമായി ഇന്ത്യന്‍ ടീം അംഗങ്ങളായ സ്മൃതി മന്ദാനയും, ഹര്‍മന്‍പ്രീത് കൗറും രംഗത്ത്. പവാറിന്റെ പരിശീലക കാലാവധി നവംബര്‍ 30ന് അവസാനിച്ചിരുന്നു. എന്നാല്‍ പവാറിന് വീണ്ടും വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാവുന്നതാണ്. 

ലോക കപ്പ് ട്വന്റി20യില്‍ സെമി ഫൈനലില്‍ മിതാലി രാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തതോടെയാണ് പവാറിന്റെ നേര്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. രാജ്യത്തിന് വേണ്ടി ഇത്രയും സംഭാവന നല്‍കിയ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. 

രമേശ് പവാറും മിതാലിയും പ്രത്യാരോപണങ്ങളുമായി ബിസിസിഐ സമീപിച്ചതോടെ വിവാദം ശക്തമായി. അതിനിടയിലാണ് രമേശ് പവാര്‍ തന്നെ തുടരണം എന്ന ആവശ്യവിമായി ഹര്‍മനും മന്ദാനയും ബിസിസിഐയെ സമീപിച്ചിരിക്കുന്നത്. ട്വന്റി20 ക്യാപ്റ്റന്‍, ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ എന്നീ നിലകളില്‍ നിന്ന്, രമേശ് പവാര്‍ പരിശീലകനായി തുടരണം എന്ന ആവശ്യമാണ് ഞാന്‍ ഉന്നയിക്കുന്നത് എന്ന് ബിസിസിഐയ്ക്ക് മുന്‍പാകെ ഹര്‍മന്‍പ്രീത് വ്യക്തമാക്കുന്നു. 

അടുത്ത ട്വന്റി20 ലോക കപ്പിന് 12 മാസമേയുള്ളു. ന്യൂസീലാന്‍ഡ് പരമ്പരയും മുന്നിലുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റാന്‍ രമേശ് പവാറിന് സാധിച്ചു. ജയം എന്ന ചിന്ത ഞങ്ങളുടെ ഉള്ളിലേക്ക് കടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ടീം എന്ന നിലയില്‍ ഞങ്ങളെ പവാര്‍ രൂപപ്പെടുത്തിയത് പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം എന്ന് ഹര്‍മന്‍പ്രീത് കൗര്‍ ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com