രാജ്യത്തിന്റെ സ്വപ്‌നം പൂവണിയുമോ?; 2032ലെ ഒളിമ്പിക്‌സിന്റെ വേദിക്കായി ഇന്ത്യയും  

ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ
 രാജ്യത്തിന്റെ സ്വപ്‌നം പൂവണിയുമോ?; 2032ലെ ഒളിമ്പിക്‌സിന്റെ വേദിക്കായി ഇന്ത്യയും  

മുംബൈ: ഇന്ത്യ ഒളിമ്പിക്‌സിന് വേദിയാകുന്നത് ഓരോ ഇന്ത്യക്കാരനും സ്വപ്‌നം കാണുന്ന കാര്യമാണ്. ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് വേദിയൊരുക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 

2032ലെ ഒളിമ്പിക്‌സിന് വേദി ഒരുക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഐഒസി മുന്‍പാകെ താത്പര്യപത്രം സമര്‍പ്പിച്ചു. ഇതിനെ പിന്തുണയ്ക്കണമെന്ന്് കാട്ടി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാനുളള ഒരുക്കത്തിലുമാണ് ഒളിമ്പിക് അസോസിയേഷന്‍.  

2032ലെ ഒളിമ്പിക്‌സിന് വേദി ഒരുക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി മേധാവിയെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഐഒഎ ധരിപ്പിച്ചിരുന്നു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഈ നീക്കത്തെ അന്ന് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താല്‍പര്യ പത്രം സമര്‍പ്പിച്ചത്.ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത  ഐഒസിയുടെ പ്രത്യേക സമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്‌നമാകില്ല. ഒളിമ്പിക്‌സിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിന് ഇന്ത്യയ്ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ലഭിക്കും. മൊത്തം  പന്ത്രണ്ട് ബില്ല്യണ്‍ ഡോളറാണ് ഗെയിംസിനായി ചെലവാകുക. ഇതില്‍ ആറ് ബില്ല്യണ്‍ ഡോളര്‍ ഐ.ഒ.സി നല്‍കും. എങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമമായി അഭിപ്രായം പറയേണ്ടത്. 

2020ല്‍ ജപ്പാനാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. 2024ലെ ഗെയിംസ് പാരിസിലും നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ജലീസിലായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളോടാവും ഒളിമ്പിക് വേദിക്കുവേണ്ടി ഇന്ത്യയ്ക്ക് മത്സരിക്കേണ്ടിവരിക എന്നു കരുതുന്നു.

1984ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, കഴിഞ്ഞ വര്‍ഷത്തെ ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ എന്നിവയാണ് ക്രിക്കറ്റ്, ഹോക്കി ലോകകപ്പുകള്‍ക്ക് പുറമെ ഇന്ത്യ വേദിയൊരുക്കിയ വമ്പന്‍ മത്സരങ്ങള്‍. ഒളിമ്പിക്‌സിന് പുറമേ 2030ലെ ഏഷ്യന്‍ ഗെയിംസിന്റെയും വേദിക്കായും ഇന്ത്യ അവകാശവാദം ഉന്നയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com