രോഹിത്തിന് പാരയാകുമോ വിഹാരി? ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘം

മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ഭൂമ്രയും ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കും
രോഹിത്തിന് പാരയാകുമോ വിഹാരി? ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പന്ത്രണ്ടംഗ സംഘത്തെ പ്രഖ്യാപിച്ചു. പ്ലേയിങ് ഇലവനെ ടെസ്റ്റ് തുടങ്ങുന്ന ഡിസംബര്‍ ആറിന് മാത്രം പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍ ഓള്‍ റൗണ്ടര്‍ ഹനുമ വിഹാരിയാകുമോ രോഹിത് ശര്‍മയാകുമോ ടീമില്‍ ഇടം നേടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ഭുവനേശ്വര്‍ കുമാറിനെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ഭൂമ്രയും ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കും. അശ്വിന്‍ മാത്രമാണ് സ്പിന്നറായുള്ളത്. സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടിട്ടും കെ.എല്‍.രാഹുല്‍ പന്ത്രണ്ടംഗ സംഘത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലാണ് ഹനുമ വിഹാരി അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സ് സ്‌കോര്‍ ചെയ്ത വിഹാരി 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി. ഈ വര്‍ഷം ജനുവരിയിലാണ് രോഹിത് ശര്‍മ അവസാനമായി ടെസ്റ്റ് കളിച്ചത്. എന്നാല്‍ ഇതിനെ മുന്‍പ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിച്ച അനുഭവ സമ്പത്ത് രോഹിത്തിനുണ്ട്. 2014-15 പരമ്പരയില്‍ 28.83 ബാറ്റിങ് ശരാശരിയിലായിരുന്നു രോഹിത്തിന്റെ അന്നത്തെ പ്രകടനം. 

ഓള്‍ റൗണ്ടര്‍ മിച്ച് മാര്‍ഷിനെ വെട്ടിയാണ് ഓസ്‌ട്രേലിയ ആരാധകരെ ഞെട്ടിച്ചത്. സ്ഥിരതയില്ലായ്മയെ തുടര്‍ന്നാണ് മാര്‍ഷിനെ മാറ്റുന്നത് എന്നാണ് നായകന്‍ ടിം പെയ്‌നിന്റെ വിശദീകരണം. ഉസ്മാന്‍ ഖ്വാജ ടീമില്‍ ഇടം ഉറപ്പിക്കുന്നു. മാര്‍കസ് ഹാരിസ് ഓപ്പണറായി അരങ്ങേറ്റം കുറിക്കും. മിച്ച് മാര്‍ഷിനെ പുറത്തിരുത്തുന്നതോടെ ഹസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കമിന്‍സ് എന്നിവരുടെ ഭാരം കൂടും. 

ഇന്ത്യയുടെ പന്ത്രണ്ടംഗ സംഘം 

മുരളി വിജയ്, രാഹുല്‍, പൂജാര, വിരാട് കോഹ് ലി, രോഹിത് ശര്‍മ, രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഭൂമ്ര.

ഓസ്‌ട്രേലിയന്‍ സംഘം 

മാര്‍കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, ട്രവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ടിം പെയ്ന്‍, ഹസല്‍വുഡ്, കമിന്‍സ്, ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com