അവള്‍ വാക്കു പാലിച്ചു, സഹായിച്ചവരോട് വെള്ളി മെഡല്‍ ഉയര്‍ത്തി നന്ദി പറഞ്ഞ് അര്‍ച്ചന

ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി മംഗോളിയയിലേക്ക് പറക്കാന്‍ സഹായിച്ചാല്‍ മെഡല്‍ നേടി തിരിച്ചെത്തുമെന്നായിരുന്നു അര്‍ച്ചനയുടെ ഉറപ്പ്
അവള്‍ വാക്കു പാലിച്ചു, സഹായിച്ചവരോട് വെള്ളി മെഡല്‍ ഉയര്‍ത്തി നന്ദി പറഞ്ഞ് അര്‍ച്ചന

ര്‍ച്ചന വാക്ക് പാലിച്ചു. ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി മംഗോളിയയിലേക്ക് പറക്കാന്‍ സഹായിച്ചാല്‍ മെഡല്‍ നേടി തിരിച്ചെത്തുമെന്നായിരുന്നു അര്‍ച്ചനയുടെ ഉറപ്പ്. വെള്ളി മെഡല്‍ എടുത്തുയര്‍ത്തിയാണ്‌ തന്നെ സഹായിച്ചവരോട് അര്‍ച്ചന സുരേന്ദ്രന്‍ നന്ദി പറയുന്നത്. 

നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവും കൂടെ കൂട്ടിയിട്ടും സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാന്‍ അര്‍ച്ചന സുരേന്ദ്രന്‍ എന്ന സെന്റ് തെരേസാസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി എന്നും പാടുപെട്ടിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ സുരേന്ദ്രന് മകളെ സ്വപ്‌നങ്ങള്‍ക്കൊപ്പം പറക്കാന്‍ വിടാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. 

പക്ഷേ അവളുടെ കഠിനാധ്വാനത്തെ വെറുതെ കളയാന്‍ സഹപാഠികളും നാട്ടുകാരും തയ്യാറായില്ല. അങ്ങിനെ ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി മുന്നില്‍ വഴിമുടക്കിയ പ്രതിസന്ധികളെയെല്ലാം തൂത്തെറിഞ്ഞ് അര്‍ച്ചന മംഗോളിയയിലേക്ക് പറന്നു. രണ്ട് ലക്ഷം രൂപയായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ചിലവ്. അതില്‍ 1.60 ലക്ഷം രൂപ നവംബര്‍ പതിനഞ്ചിനുള്ളില്‍ കെട്ടിവയ്ക്കണം എന്നായിരുന്നു പവര്‍ലിഫ്റ്റിങ് ഇന്ത്യയുടെ നിലപാട്. 

ഇതോടെ പണം കണ്ടെത്താന്‍ അര്‍ച്ചനയുടെ കുടുംബം ഓട്ടമാരംഭിച്ചു. ഇതറിഞ്ഞ് അധ്യാപകരും സഹപാഠികളും നാട്ടുകാരുമെല്ലാം ഒപ്പം നിന്നതോടെ സംഗതി ഗംഭീരമായി. മാധ്യമങ്ങളും അര്‍ച്ചനയ്ക്ക് ഒപ്പം നിന്നതോടെ കായിക താരങ്ങള്‍ക്ക് എന്നും പിന്തുണയുമായി നില്‍ക്കുന്ന മലയാളികളില്‍ ഒരു വിഭാഗവും അര്‍ച്ചനയെ കണ്ടു. സ്വപ്നത്തെ എത്തിപ്പിടിക്കുന്നതിനുള്ള പണം അവളുടെ അക്കൗണ്ടിലേക്കെത്തി. 

കാക്കനാട് കുസുമഗിരി അത്താണിയിലെ വാടക വീട്ടിലാണ് അര്‍ച്ചനയുടേയും കുടുംബത്തിന്റേയും താമസം. ലഖ്‌നൗവില്‍ നടന്ന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെയാണ് അര്‍ച്ചനയ്ക്ക് മംഗോളിയയിലേക്ക് പറക്കുന്നതിനുള്ള അവസരം മുന്നില്‍ വരുന്നത്.  ഇതിന് മുന്‍പ് ദേശീയ ബെഞ്ച് ചാമ്പ്യന്‍ഷിപ്പിലും അര്‍ച്ചന യോഗ്യത നേടിയിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അന്നും അര്‍ച്ചനയുടെ വഴിമുടക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com