പ്രീമിയര്‍ ലീഗില്‍ ആര്‍മാദിച്ച് ലിവര്‍പൂള്‍, ചെല്‍സിയും തകര്‍ത്ത് കളിച്ചപ്പോള്‍ ഒന്നാം സ്ഥാനവും

പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ തോല്‍വിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചെല്‍സിയുടെ കൈകളില്‍ നിന്നും ലഭിച്ചത്
പ്രീമിയര്‍ ലീഗില്‍ ആര്‍മാദിച്ച് ലിവര്‍പൂള്‍, ചെല്‍സിയും തകര്‍ത്ത് കളിച്ചപ്പോള്‍ ഒന്നാം സ്ഥാനവും

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ദിവസമായിരുന്നു കടന്നു പോയത്. ബേണ്‍മൗത്തിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന് പിന്നാലെ, മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി ഞെട്ടിക്കുക കൂടി ചെയ്തതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാമതേക്കെത്തി. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. 

പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ തോല്‍വിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചെല്‍സിയുടെ കൈകളില്‍ നിന്നും ലഭിച്ചത്. എല്ലാ അര്‍ഥത്തിലും ഗാര്‍ഡിയോളയുടെ സംഘത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരത്തില്‍ പക്ഷേ ചെല്‍സി അത്ഭുതം കാട്ടി. 45ാം മിനിറ്റില്‍ കാന്റേയും 78ാം മിനിറ്റില്‍ ഡേവിഡ് ലൂയിസും വല കുലുക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് മറുപടിയുണ്ടായില്ല. 

സൂപ്പര്‍ താരം ഹസാര്‍ഡ് ഇല്ലാതെ ഇറങ്ങിയിട്ടും ജയം പിടിച്ച് ലിവര്‍പൂളിനെ ഒന്നാമതേക്ക് എത്തിക്കാന്‍ സഹായിക്കുകയായിരുന്നു ചെല്‍സി. ജയം പ്രീമിയര്‍ ലീഗിലെ ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ചെല്‍സിയെ തുണയ്ക്കും. ബേണ്‍മൗത്തിലേക്കെത്തുമ്പോള്‍ ലിവര്‍പൂള്‍ എല്ലാ അര്‍ഥത്തിലും ആധിപത്യം ഉറപ്പിച്ചു. 

വണ്‍ സീസണ്‍ സ്റ്റാറെന്ന് വിളിക്കുന്നവരുടെ മുന്നിലേക്കായിരുന്നു സല ഹാട്രിക് അടിച്ചു കയറ്റിയത്. അതോടെ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ടോപ് സ്‌കോററായി സല. 10 വട്ടമാണ് സല ഈ സീസണില്‍ ലീഗില്‍ ഗോള്‍വല ചലിപ്പിച്ചത്. ഹാരി കെയ്‌നും, അഗ്യുറോയും, ഹസാര്‍ഡും സ്‌റ്റെര്‍ലിങ്ങുമെല്ലാം സലയ്ക്ക് പിന്നില്‍ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com