മാനം കാക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരത്തെ ടീമിലെത്തിച്ച് കൊമ്പൻമാർ

ഐഎസ്എല്ലിൽ തുടർ തോൽവികളെ തുടർന്ന് പരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കി തിരിച്ചുവരവിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്
മാനം കാക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരത്തെ ടീമിലെത്തിച്ച് കൊമ്പൻമാർ

കൊച്ചി: ഐഎസ്എല്ലിൽ തുടർ തോൽവികളെ തുടർന്ന് പരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കി തിരിച്ചുവരവിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കിരീട പ്രതീക്ഷകളൊക്കെ ഏതാണ്ട് അവസാനിച്ച ബ്ലാസ്റ്റേഴ്സ് ശേഷിച്ച മത്സരങ്ങളിൽ മികവ് പുലർത്തി ആരാധകരെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. താങ്ബോയ് സിങ്ദോയ്ക്ക് താത്കാലിക പരിശീലക പദവി നൽകിയ ടീം വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ ഭാ​ഗമായി ഒരു യുവ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. 

ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായ നോൻങ്ഡംബ നയോറമിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 18കാരനായ നയോറം രണ്ടര വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ജീക്സൺ സിങ്, ധീരജ് സിങ്, ഋഷി ദത്ത് എന്നീ ഇന്ത്യൻ അണ്ടർ 17 യുവ നിരയിൽ ഉണ്ടായിരുന്ന താരങ്ങളെ നേരത്തെ ടീമിൽ എത്തിച്ചിരുന്നു. ഭാവിയിലേക്കുള്ള ഒരുക്കമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തെ ഫുട്ബോൾ പണ്ഡിതർ വിലയിരുത്തുന്നത്. 

മുൻ ഇന്ത്യൻ അണ്ടർ 17 താരമാണ് നയോറം. ഇപ്പോൾ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന്റെ ഭാഗമാണ് താരം. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഓഫർ വന്നപ്പോൾ താരത്തെ വിടാൻ മിനേർവ സമ്മതിക്കുകയായിരുന്നു. ജനുവരി ആദ്യ വാരം താരം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തും. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായാണ് താരം കളിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യൻ ദേശീയ ലീഗ് കണ്ട മികച്ച ഗോളിന്റെ ഉടമയും നയോറം ആണ്. മികച്ച പന്തടക്കമുള്ള താരം വിങ്ങുകളിലൂടെ മുന്നേറാനും മികവ് പുലർത്തുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും ടീം വിടാൻ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com