നിര്‍ണായക മത്സരത്തില്‍ വിജയവുമായി മഞ്ഞപ്പട്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

ഐഎസ്എലില്‍ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം.
നിര്‍ണായക മത്സരത്തില്‍ വിജയവുമായി മഞ്ഞപ്പട്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

ഗുവാഹട്ടി: ഐഎസ്എലില്‍ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഏകപക്ഷീയമായ ഒരുഗോളിനാണ് മഞ്ഞപ്പട വിജയിച്ചു കയറിയത്.28-ാം മിനിറ്റില്‍ വെസ് ബ്രൗണാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി  ഗോള്‍ നേടിയത്.ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ കോര്‍ണറില്‍ ജാക്കിചന്ദ് സിംങ് പോസ്റ്റിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ വെസ് ബ്രൗണ്‍ വലയിലാക്കുകയായിരുന്നു.ഇതോടെ പ്ലേ ഓഫിലെത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ മെച്ചപ്പെട്ടു. 

അവസാന കളിയില്‍ എ.ടി.കെ.യുമായി സമനിലപാലിച്ചായിരുന്നു കേരള ടീമിന്റെ വരവ്. നോര്‍ത്ത് ഈസ്റ്റാകട്ടെ ഡല്‍ഹി ഡൈനാമോസിനോട് കീഴടങ്ങിയാണ് സ്വന്തം തട്ടകത്തിലിറങ്ങിയത്.ഒന്‍പതാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ സെമിസാധ്യതകള്‍ അടഞ്ഞുകഴിഞ്ഞു. 

ഗോളുകള്‍ക്കായി തുടക്കംമുതല്‍ ഇരുടീമിനും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ പോസ്റ്റിന് തൊട്ടുവെളിയില്‍ സി.കെ വിനീതിന് ലഭിച്ച അവസരം ചെറിയ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടത്. വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 24 പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരും.  ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്തണമെങ്കില്‍ ഇനിയുള്ള രണ്ടുകളികളും ജയിക്കുകയും എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കുകയും വേണം. 

16 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുള്ള ബെംഗളൂരുവാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 9 പോയന്റോടെ പുണെ തൊട്ടുപിന്നിലും. ചെന്നൈയ്ന്‍ ജംഷേദ്പൂര്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com