ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്‌ക്കൊരു ഹോം ഗ്രൗണ്ടുണ്ട്; ശ്രീശാന്തിന്റെ തീപാറും പന്തുകള്‍ പിറന്ന ഗ്രൗണ്ട്‌

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ഫോം വാന്‍ഡറേഴ്‌സിലും തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടാം
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്‌ക്കൊരു ഹോം ഗ്രൗണ്ടുണ്ട്; ശ്രീശാന്തിന്റെ തീപാറും പന്തുകള്‍ പിറന്ന ഗ്രൗണ്ട്‌

മൂന്നാം ടെസ്റ്റിന് ഒരുങ്ങി നില്‍ക്കുകയാണ് വാന്‍ഡറേഴ്‌സ് സ്റ്റേഡിയം. സീരീസ് വൈറ്റ് വാഷ് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ വാന്‍ഡറേഴ്‌സ് തുണയ്ക്കുമെന്ന പ്രതീക്ഷയാണ് വൈറ്റ് വാഷ് പേടിയില്‍ നിന്നും ഇന്ത്യന്‍ ആരാധകരെ കരകയറ്റുന്നത്. കാരണം ഇവിടെ കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്നത് തന്നെ. 

സീം ബൗളേഴ്‌സിനെ അകമഴഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാണ് വാന്‍ഡറേഴ്‌സില്‍ തയ്യാറായിരിക്കുന്നത്. ജയിച്ചു കയറിയെങ്കിലും സെഞ്ചുറിയനിലെ വേഗത കുറഞ്ഞ പിച്ചില്‍ നായകന്‍ ഡുപ്ലസി അതൃപ്തി തുറന്നു പറഞ്ഞതിന് പിന്നാലെയാണ് മൂന്നാം ടെസ്റ്റിനായി പച്ചപ്പ് നിറഞ്ഞ മൈതാനത്ത് ഫാസ്റ്റ് ബൗളേഴ്‌സിന് അനുകൂലമായ പിച്ചൊരുങ്ങുന്നത്. 

1992-93ല്‍ വാന്‍ഡറേഴ്‌സില്‍ ഒരു ജയവും, മൂന്ന്  സമനിലയുമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. 2006ല്‍ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുത ശ്രീശാന്തിന്റെ കിടിലന്‍ ബൗളിങ്ങ് പിറന്നതും ഇവിടെയായിരുന്നു. 84 റണ്‍സിനായിരുന്നു അന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത്. 123 റണ്‍സിന് ഇന്ത്യ ജയം പിടിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 19 ടെസ്റ്റുകളില്‍ ഇന്ത്യ നേടിയ രണ്ട് വിജയങ്ങളില്‍ ഒന്ന് ഇവിടുത്തെയായിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ബാറ്റിങ് പരാജയം ആയിരുന്നു എങ്കിലും രണ്ടാം ടെസ്റ്റില്‍ എതിരാളികളെ രണ്ട് വട്ടം ഓള്‍ ഔട്ടാക്കിയ ഇന്ത്യന്‍ ബൗളര്‍മാരെ കോഹ് ലി അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ഫോം വാന്‍ഡറേഴ്‌സിലും തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടാം. 

നായകന്‍ കോഹ് ലിക്കും സന്തോഷിക്കാന്‍ വക നല്‍കിയിട്ടുള്ള സ്‌റ്റേഡിയവുമാണ് വാന്‍ഡറേഴ്‌സിലേത്. 2013ല്‍ ഇവിടെ ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സ് നേടിയ കോഹ് ലി രണ്ടാം ഇന്നിങ്‌സില്‍ 96 റണ്‍സും സ്വന്തമാക്കിയിരുന്നു. 458 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മുന്നില്‍ വെച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സിലെത്തി ദക്ഷിണാഫ്രിക്ക.  സമനിലയില്‍ കളി പിരിഞ്ഞെങ്കിലും, വാന്‍ഡറേഴ്‌സ് ബാറ്റ്‌സ്മാന്‍മാരേയും തുണയ്ക്കുമെന്ന് അന്ന് ക്രിക്കറ്റ് ലോകം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com