ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന യുവത്വത്തിനായി ഗോള്‍ ഇന്നുമുതല്‍; 24 ടീമുകള്‍ ഗ്രൗണ്ടിലിറങ്ങും

കഴിഞ്ഞ സീസണുകളില്‍ ഗോളിന്റെ ഭാഗമായ ഒരുപിടി താരങ്ങള്‍ സന്തോഷ് ട്രോഫി ടീമിലേക്കും, ബ്ലാസ്റ്റേഴ്‌സിലേക്കും എത്തിയതിന്റെ തിളക്കത്തില്‍ കൂടിയാണ് ഏഴാം എഡിഷന്റെ ആരംഭം
ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന യുവത്വത്തിനായി ഗോള്‍ ഇന്നുമുതല്‍; 24 ടീമുകള്‍ ഗ്രൗണ്ടിലിറങ്ങും

കൊച്ചി: ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന കേരളത്തിലെ യുവത്വത്തിന് കളിച്ച് ആര്‍മാദിക്കാന്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ഒരുക്കുന്ന ഓള്‍ കേരള  ഇന്റര്‍ കേളെജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. കഴിഞ്ഞ സീസണുകളില്‍ ഗോളിന്റെ ഭാഗമായ ഒരുപിടി താരങ്ങള്‍ സന്തോഷ് ട്രോഫി ടീമിലേക്കും, ബ്ലാസ്റ്റേഴ്‌സിലേക്കും എത്തിയതിന്റെ തിളക്കത്തില്‍ കൂടിയാണ് ഏഴാം എഡിഷന്റെ ആരംഭം. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാന തുക നല്‍കുന്ന ടൂര്‍ണമെന്റ് എന്നതിലൂടെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന യുവാക്കള്‍ക്ക് സാമ്പത്തികമായി പിന്തുണ നല്‍കുക കൂടിയാണ് ഗോള്‍ ചെയ്യുന്നത്. ചാമ്പ്യനാകുന്ന ടീമിന് രണ്ട് ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പിന് ഒരു ലക്ഷം രൂപയുമായി സമ്മാനം. ഇതുകൂടാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌ട്രൈക്കര്‍, മധ്യനിരതാരം, പ്രതിരോധനിരക്കാരന്‍, ഗോള്‍കീപ്പര്‍, ടോപ് ഗോള്‍ സ്‌കോറര്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡുകളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ജനുവരി 23 മുതല്‍ ഫെബ്രുവരി നാല് വരെ മഹാരാജാസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 

തിങ്കളാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. അയര്‍ലാന്‍ഡ് മുന്‍ താരം ടെറി ഫെലാന്‍, മേയര്‍ സൗമിനി ജെയിന്‍, കെ.വി.തോമസ് എംപി, എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ്. 

നിലവിലെ ചാമ്പ്യന്‍മാരായ നിര്‍മലാ കോളെജ്, രണ്ട് വട്ടം കിരീടം സ്വന്തമാക്കിയ കേരള വര്‍മ കോളെജ്, മുന്‍ ചാമ്പ്യന്മാരായ എസ്എന്‍ കോളെജ് എന്നിവര്‍ കൂടുതല്‍ ശക്തരായി കളം നിറയുന്നതോടെ ഗോള്‍ ആവേശം വിതറും. 24 കോളെജുകളില്‍ നിന്നായി 432 യുവ ഫുട്‌ബോള്‍ പ്രതിഭകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും. കൊച്ചി സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പ്രത്യേക പരിശീലനത്തിനുള്ള സൗകര്യവും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. 

മാച്ച് ഫീസും, പ്ലേയിങ് കിറ്റും, ട്രാവല്‍ അലവെന്‍സുമെല്ലാം നല്‍കി യുവ താരങ്ങളെ മുന്നോട്ടു കൊണ്ടുവരാനാണ് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ഒരുക്കുന്ന ഗോള്‍ ലക്ഷ്യം വയ്ക്കുന്നത്. 

ഇതുകൂടാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌ട്രൈക്കര്‍, മധ്യനിരതാരം, പ്രതിരോധനിരക്കാരന്‍, ഗോള്‍കീപ്പര്‍, ടോപ് ഗോള്‍ സ്‌കോറര്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡുകളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ഉദ്ഘാടന മത്സരത്തില്‍ എംപിഎന്‍ എസ്എന്‍ കോളെജ് മഹാരാജാസ് കോളേജിനെ നേരിടും. രണ്ടാം മത്സരത്തില്‍ യുസി കോളെജ് ആലുവ എംഐസി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിനെ നേരിടും. ഫെബ്രുവരി രണ്ടിനാണ് സെമി ഫൈനല്‍. എസിവി ഉത്സവില്‍ മത്സരങ്ങള്‍ തത്സമയം കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com