രണ്ട് ടെസ്റ്റുകളിലെ തോല്‍വി പത്ത് ദിവസത്തെ പരിശീലനത്തിന്റെ കുറവ്; തോല്‍വിയെ കുറിച്ച് ശാസ്ത്രി പറയുന്നത് ഇങ്ങനെയാണ്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി കേപ്ഡൗണില്‍ എത്തിയ സമയത്ത്, ഏത് കാലാവസ്ഥയോടും ഇണങ്ങാന്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധിക്കുമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം
രണ്ട് ടെസ്റ്റുകളിലെ തോല്‍വി പത്ത് ദിവസത്തെ പരിശീലനത്തിന്റെ കുറവ്; തോല്‍വിയെ കുറിച്ച് ശാസ്ത്രി പറയുന്നത് ഇങ്ങനെയാണ്

വൈറ്റ് വാഷ് ഭീഷണിയില്‍ മൂന്നാം ടെസ്റ്റിനിറങ്ങള്‍ കോഹ് ലിയും സംഘവും തയ്യാറെടുക്കുന്നതിന് ഇടയില്‍ രണ്ട് ടെസ്റ്റുകളില്‍ കാലിടറിയതിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. പത്ത് ദിവസത്തെ പരിശീലനത്തിന്റെ കുറവാണ് തന്റെ ടീമിന് തിരിച്ചടിയായതെന്നാണ് രവിശാസ്ത്രിയുടെ വിലയിരുത്തല്‍. 

ന്യുലാന്‍ഡ്‌സിലും സെഞ്ചൂറിയനിലും ഇന്ത്യന്‍ ബൗളിങ് നിര ശക്തമായിരുന്നു. എന്നാല്‍ കോഹ് ലിയുടെ 153 റണ്‍സും പാണ്ഡ്യയുടെ 93 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ ബാറ്റിങ് നിര പരാജയമായിരുന്നു. നമുക്ക് പരിചിതമല്ലാത്ത ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ ചൂണ്ടി ഒഴികഴിവുകള്‍ പറയാം. പക്ഷേ ലൂസ് ഷോട്ടുകള്‍ കളിച്ച്, പാര്‍ട്ണര്‍ഷിപ്പുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിക്കാതെ, വിചിത്രമായ രീതിയില്‍ റണ്‍ ഔട്ടാകുന്ന താരങ്ങളെ മുന്നില്‍ നിര്‍ത്തി സാഹചര്യങ്ങളെ മാത്രം എങ്ങിനെ കുറ്റം പറയാന്‍ സാധിക്കുമെന്ന് ശാസ്ത്രി ചോദിക്കുന്നു. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി കേപ്ഡൗണില്‍ എത്തിയ സമയത്ത്, ഏത് കാലാവസ്ഥയോടും ഇണങ്ങാന്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധിക്കുമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. രണ്ട് ടെസ്റ്റുകള്‍ക്കിപ്പുറം, ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളോട് ഞങ്ങള്‍ പൊരുത്തപ്പെട്ടതായി ശാസ്ത്രി പറയുന്നു. ഒരു പത്ത് ദിവസം കൂടി ഇവിടെ പരിശീലനത്തിനായി കിട്ടിയിരുന്നു എങ്കില്‍ റിസല്‍ട്ടില്‍ മാറ്റമുണ്ടായേനെ എന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് പരിശീലനത്തിന് വേണ്ട സമയം അനുവദിക്കാതെ തയ്യാറാക്കിയ ഷെഡ്യൂളിന്റെ പേരില്‍ ബിസിസിഐയ്ക്ക് മേലുള്ള താരങ്ങളുടെ അതൃപ്തിയും വാര്‍ത്താ സമ്മേളനത്തില്‍ ശാസ്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. പരിശീലനത്തിന് വേണ്ട സമയം ലഭിച്ചാല്‍ വിദേശത്ത് മികച്ച കളി പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com