ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

ഇന്ത്യന്‍ ഒളിമ്പിക്  അസോസിയേഷന് കൃത്യമായ വീക്ഷണമില്ലായ്മയാണ് ഇത്തരമൊരു അനിശ്ചിതത്വം രൂപപ്പെടാന്‍ കാരണമെന്ന്
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. അടുത്ത മാസം ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ നിന്ന് അനുമതി നിന്ന് ലഭിച്ചിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 212 രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഫുട്‌ബോളിന്റെ ആഗോള സാധ്യതകളെ കുറിച്ച്  ഇന്ത്യന്‍ ഒളിമ്പിക്  അസോസിയേഷന് കൃത്യമായ വീക്ഷണമില്ലായ്മയാണ് ഇത്തരമൊരു അനിശ്ചിതത്വം രൂപപ്പെടാന്‍ കാരണമെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. അതേസമയം കിരീട സാധ്യതയില്ലാത്തതിനാലാണ് ഫുട്‌ബോള്‍ ടീമിനെ ഗെയിംസിനയക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താത്പര്യപ്പെടാത്തതെന്നാണ് സൂചന. നേരത്തെ 1994ല്‍ ഹിരോഷിമയില്‍ നടന്ന  ഏഷ്യന്‍ ഗെയിംസില്‍  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പങ്കെടുത്തിരുന്നില്ല. 
  
രാജ്യങ്ങളുടെ അണ്ടര്‍ 23 ടീമുകള്‍ക്കാണ് ഏഷ്യാഡിലെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഓരോ രാജ്യത്തിനും തങ്ങളുടെ മൂന്ന് സീനിയര്‍ താരങ്ങളെയും ടീമിലെടുക്കാം.

നേരത്തെ ഇന്ത്യന്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുമെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോന്‍സ്റ്റന്റൈന്‍ പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച യാതൊരറിയിപ്പും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ നിന്ന് എ.ഐ.എഫ്.എഫിന് ലഭിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍  കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപകാലത്തായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കനത്ത തിരിച്ചടിയായി മാറും തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com