പൊരുതുന്നതെല്ലാം അവള്‍ക്ക് വേണ്ടി, എന്നെയോര്‍ത്ത് അവള്‍ അഭിമാനിക്കുന്ന നിമിഷത്തിന് വേണ്ടി; കളിമണ്‍ കോര്‍ട്ടിലെ രാജ്ഞിയാവാന്‍ സെറീന

ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ബ്ലാക്ക് പാന്തര്‍ ക്യാറ്റ്‌സ്യൂട്ടിലെത്തി ആരാധകരില്‍ കൗതുകം ഉണര്‍ത്തുകയും ചെയ്തു സെറീന
പൊരുതുന്നതെല്ലാം അവള്‍ക്ക് വേണ്ടി, എന്നെയോര്‍ത്ത് അവള്‍ അഭിമാനിക്കുന്ന നിമിഷത്തിന് വേണ്ടി; കളിമണ്‍ കോര്‍ട്ടിലെ രാജ്ഞിയാവാന്‍ സെറീന

കുഞ്ഞു ജീവന്‍ ഉള്ളില്‍ ഒളിപ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലേക്ക് പറന്ന ആ പെണ്‍കരുത്തിന്റെ പോരാട്ട വീര്യത്തില്‍ തന്നെയാണ് സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ കോര്‍ട്ടിലും നിറയുന്നത്. എന്നെയോര്‍ത്ത് എന്റെ മകള്‍ക്ക് അഭിമാനം തോന്നുന്നതിന് വേണ്ടിയാണ് കോര്‍ട്ടില്‍ താനിപ്പോള്‍ പൊരുതിക്കൊണ്ടിരിക്കുന്നതെന്നാണ് സെറീന പറയുന്നത്. 

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു കളി തിരിച്ചു പിടിച്ച് സെറീനയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഓസ്‌ട്രേലിയയുടെ ആഷ്‌ലെയ്ഗ് ബാര്‍തിക്ക് 3-6, 6-3,6-4 എന്നീ സെറ്റുകള്‍ക്ക് സെറീനയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. 

ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു എന്ന് എന്റെ മകളോട് ഒരിക്കല്‍ എനിക്ക് പറയണം. മകളാണ് വിജയത്തിലേക്ക് പോകാന്‍ തന്നെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കുന്നതെന്നും സെറീന പറയുന്നു. ആദ്യ സെറ്റ് കൈവിട്ടപ്പോള്‍ തന്നെ കൂടുതല്‍ ശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്തു. വിനസുമൊത്ത് ഡബിള്‍സിലും ഞാന്‍ ഇറങ്ങുന്നുണ്ട്. എന്നെ മുഴുവന്‍ സമര്‍പ്പിച്ച് കളിക്കുകയാണ് ഞാനെന്നും സെറീന പറയുന്നു. 

2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചതിന് ശേഷം സെറീന ആദ്യമായിട്ടാണ് ഗ്രാന്‍ഡ്സ്ലം കളിക്കുന്നത്. ജര്‍മനിയുടെ ജൂലിയ ജോര്‍ജസാണ് അടുത്ത റൗണ്ടില്‍ സെറീനയ്ക്ക മുന്നിലെത്തുന്നത്. ജൂലിയയെ മറികടന്ന് സെറീന എത്തിയാല്‍ പഴയ ശത്രു മരിയ ഷറപ്പോവയ്‌ക്കൊപ്പം സെറീന ക്വാര്‍ട്ടര്‍ കളിക്കും.

ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ബ്ലാക്ക് പാന്തര്‍ ക്യാറ്റ്‌സ്യൂട്ടിലെത്തി ആരാധകരില്‍ കൗതുകം ഉണര്‍ത്തുകയും ചെയ്തു സെറീന. ഇത് കോര്‍ട്ടിലെ നിയമങ്ങള്‍ ലംഘിക്കുന്നതാണോ എന്ന വാദം ശക്തമാകുന്നതിന് ഇടയിലാണ് സെറീനയുടെ വരവ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com