ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഇന്ത്യന്‍ കായിക താരങ്ങളെ അറിയാമോ? ധോനിയുമുണ്ട് കൂട്ടത്തില്‍

ഇന്ത്യന്‍ കായിക ലോകത്ത് നിന്നും ഇതുവരെ മൂന്ന് പേരാണ് ഗിന്നിസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്
ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഇന്ത്യന്‍ കായിക താരങ്ങളെ അറിയാമോ? ധോനിയുമുണ്ട് കൂട്ടത്തില്‍

ഗിന്നസ് ബുക്കില്‍ പേര് വരണം എന്നാഗ്രഹിക്കുന്നവരാകും നമ്മുടെ കൂട്ടത്തില്‍ പലരും. പലരും അതിന് വേണ്ടി പരിശ്രമിക്കുന്നവരുമുണ്ട്. റെക്കോര്‍ഡുകള്‍ തിരുത്തി എഴുതിപ്പെടുന്ന ഇന്ത്യന്‍ കായിക ലോകത്ത് നിന്നും ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചവരുണ്ടെന്ന നിങ്ങള്‍ക്കറിയുമോ?  ക്രിക്കറ്റില്‍ നിന്നുമുണ്ട് ഒരാള്‍...

ഇന്ത്യന്‍ കായിക ലോകത്ത് നിന്നും ഇതുവരെ മൂന്ന് പേരാണ് ഗിന്നിസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്. ആരൊക്കെയെന്ന് നോക്കാം....

മഹേന്ദ്ര സിങ് ധോനി

ഗിന്നസ് ബുക്കില്‍ ധോനിയുടെ പേരുമുണ്ട്. എന്ത് റെക്കോര്‍ഡാണ് ധോനി തന്റെ പേരില്‍ ചേര്‍ത്തത് എന്നല്ലേ? അതിന് ധോനിയെ സഹായിച്ചത് റീബുക്കാണ്. 2011ല്‍ ലോക കിരീടം ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ച് ധോനി പറത്തിയ സിക്‌സ് പിറന്ന അതേ റീബുക്ക് ബാറ്റ്. 

ലോക കപ്പ് വിജയത്തിന് ശേഷം ധോനിയുടെ ഈ ബാറ്റ് ലേലത്തില്‍ വെച്ചു. ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ് എന്ന ക്യമ്പെയ്‌നിന്റെ ഭാഗമായിരുന്നു അത്. ലോക കപ്പിലേക്ക് ഇന്ത്യയെ എത്തിച്ച ആ ബാറ്റ് ആര്‍.കെ.ഗ്ലോബലായിരുന്നു സ്വന്തമാക്കിയത്. ആ ബാറ്റ് സ്വന്തമാക്കാന്‍ മുടക്കിയ തുകയുടെ പേരിലാണ് ധോനി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിക്കുന്നത്. 161,298 ഡോളറിനാണ് ധോനിയുടെ ബാറ്റ് ലേലത്തില്‍ പോയത്. 

ധോനിയുടെ ഭാര്യയുടെ ചാരിറ്റി ഓര്‍ഗനൈസേഷന്റെ സാക്ഷി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആ ലേലത്തുക ഉപയോഗിച്ചത്. കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ് ഈ ഫൗണ്ടേഷന്‍. 

രാജ മഹാരാജ സിങ്

ക്രിക്കറ്റിലുള്ള തന്റെ കഴിവ് വൈകിയായിരുന്നു ബോംബെ ഗവര്‍ണറായിരുന്ന രാജാ മഹാരാജ സിങ് തിരിച്ചറിഞ്ഞത്. കത്പുറ രാജകുടുംബത്തില്‍ നിന്നുമുള്ള മഹാരാജ സിങ് അങ്ങിനെ 72ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 

ഗവര്‍ണേഴ്‌സ് ഇലവനും കോമണ്‍വെല്‍ത്ത് ഇലവനും തമ്മിലായിരുന്നു ആ ചരിത്ര മത്സരം. ഒന്‍പതാമനായി കളത്തിലിറങ്ങിയ മഹാരാജയ്ത്ത് നാല് റണ്‍സ് മാത്രം എടുത്തപ്പോഴേക്കും പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. അങ്ങിനെ പ്രായത്തിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ അദ്ദേഹവും ഇടംപിടിച്ചു. 

വിരാഗ് മാരെ

വടാ പാവ് സ്റ്റാളായിരുന്നു വിരാഗ് മാരേയുടെ ഉപജീവന മാര്‍ഗം. പക്ഷേ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുംബൈയില്‍ നിന്നും പുനെയിലേക്ക് ഈ വടാ പാവ് സ്റ്റാള്‍ വിരാഗ് മാറ്റി. 

2015 ഡിസംബര്‍ 24ന് തന്റെ പേര് വിരാഗ് ഗിന്നസ് ബുക്കില്‍ ചേര്‍ത്തു. എങ്ങിനെയെന്നല്ലേ? നെറ്റ്‌സില്‍ ഏറ്റവും കൂടുതല്‍ നേരം ബാറ്റേന്തിയായിരുന്നു വിരാഗ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. ഇതില്‍ മുന്‍പുണ്ടായിരുന്ന റെക്കോര്‍ഡ് മറികടക്കാന്‍ മൂന്ന് പകലും രണ്ട് രാത്രിയും വിരാഗ് നെറ്റ്‌സില്‍ ബാറ്റ് ചെയ്തു. ഡിസംബര്‍ 22ന് തുടങ്ങിയ നെറ്റ് സെക്ഷന്‍ 2,447 ഓവറുകള്‍ പൂര്‍ത്തിയാക്കി 50 മണിക്കൂറും പിന്നിട്ടാണ് അവസാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com