ലയണല്‍ മെസ്സിയെ പൂട്ടാനുള്ള തന്ത്രം റാക്കിറ്റിചിനറിയാം;  അത് ക്രൊയേഷ്യക്ക് കിട്ടുമോ?

ലയണല്‍ മെസ്സിയെ പൂട്ടാനുള്ള തന്ത്രം റാക്കിറ്റിചിനറിയാം;  അത് ക്രൊയേഷ്യക്ക് കിട്ടുമോ?

മോസ്‌ക്കോ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ എങ്ങനെ പൂട്ടാം എന്ന്  തലപുകയ്ക്കുകയാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ  ബലിച്. ഇതിനായി പരിശീലകന്‍ സഹായം തേടിയത് മറ്റാരോടുമല്ല. ക്രൊയേഷ്യന്‍ മധ്യനിരയുടെ കരുത്തായ ഇവാന്‍ റാക്കിറ്റിചിനോട്. കാരണം മെസ്സിയെ ഏറ്റവും അടുത്തറിയുന്ന ആളാണ് റാക്കിറ്റിച്. കഴിഞ്ഞ നാല് വര്‍ഷമായി സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ ബാഴ്‌സലോണയില്‍ റാക്കിറ്റിചും മെസ്സിയും ഒരുമിച്ച് കളിക്കുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. 
കഴിഞ്ഞ കുറച്ച് ദിവസമായി റാക്കിറ്റിച് സഹ പരിശീലകനായി മാറിയതായി ബലിച് പറയുന്നു. മെസ്സിയെ എങ്ങനെ പിടിച്ചുകെട്ടാമെന്ന കാര്യത്തില്‍ റാക്കിറ്റിചിനോട് അഭിപ്രായം തേടുന്നുണ്ടെന്നും ക്രൊയേഷ്യന്‍ കോച്ച് വെളിപ്പെടുത്തി. കളിക്കളത്തില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളെ സംബന്ധിച്ച് താരങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. അദ്ദേഹത്തിന്റെ മുന്നേറ്റം തടയാന്‍ പൂര്‍ണതയുള്ള ഒരു പ്രതിരോധ തന്ത്രം ആവിഷ്‌കരിക്കുക ബുദ്ധിമുട്ടാണ്. അതേസമയം മികച്ച ഒരു താരം ടീമിനായി  മൊത്തത്തില്‍ സൃഷ്ടിച്ചെടുക്കുന്ന ഫലങ്ങളേക്കാള്‍ കൂടുതല്‍ ചലനങ്ങള്‍, മികവ് പുലര്‍ത്തുന്ന ഒരു ടീമിന് മൈതാനത്ത് പ്രകടിപ്പിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. ആദ്യ മത്സരത്തില്‍ സമനില കുരുങ്ങുമെന്ന് അര്‍ജന്റീന കരുതിയിരിക്കില്ല. ഞങ്ങള്‍ക്കെതിരായ മത്സരം വിജയിച്ച് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും അര്‍ജന്റീന കളിക്കാനിറങ്ങുക. എന്നാല്‍  ആദ്യ മത്സരം വിജയിച്ചതിനാല്‍ വേവലാതികളില്ലാതെ ക്രൊയേഷ്യക്ക് കളിക്കാന്‍ കഴിയുമെന്ന് ബലിച് പ്രതീക്ഷ പ്രകടിപ്പിച്ചു.
റയല്‍ മാഡ്രിഡ് താരങ്ങളായ ലൂക മോഡ്രിച്, മാറ്റിയോ കൊവാസിച്  എന്നിവരുമായും കോച്ച് തന്ത്രങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. 
നൈജീരിയയെ 2-0ത്തിന് പരാജയപ്പെടുത്തി ക്രൊയേഷ്യ വിജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. അര്‍ജന്റീനയാകട്ടെ കന്നി ലോകകപ്പിനിറങ്ങിയ ഐസ്‌ലന്‍ഡിനോട് 1-1ന് സമനില വഴങ്ങി വിജയിക്കമായിരുന്ന മത്സരം കൈവിട്ടതിന്റെ ക്ഷീണത്തിലും. അര്‍ജന്റീനക്ക് ക്രൊയേഷ്യക്കെതിരായ പോരാട്ടം നിര്‍ണായകമാണ്.  
മെസ്സിയെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെ കത്രികപ്പൂട്ടിട്ട ഐസ്‌ലന്‍ഡ് തന്ത്രമായിരിക്കില്ല ക്രൊയേഷ്യ പുറത്തെടുക്കുക. റാക്കിറ്റിചും മോഡ്രിചും നിയന്ത്രിക്കുന്ന ലോകത്തിലെ മികച്ച മധ്യനിരകളിലൊന്നുള്ള അവര്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചാകും കളിക്കുക. അതിനാല്‍ മെസ്സിയെ ഒതുക്കാന്‍ ബലിചും ഒപ്പം റാക്കിറ്റിചും എന്താകും മനസില്‍ കണ്ടിട്ടുള്ളതെന്ന് 21ന് അറിയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com