ചിലര്‍ കളിക്കളത്തില്‍ ഒളിക്കുകയാണ്, പുറത്തേക്കുള്ള വഴി തുറന്നതിന് പിന്നാലെ ഒളിയമ്പുമായി ലുകാക്കു

പോഗ്ബയും, ജെസെയും, ലുകാക്കുവും ഇഴകി കളിച്ചിരുന്നിടത്തേക്ക് സാഞ്ചസ് കൂടി എത്തിയതോടെ സാഞ്ചസിനെ ഉള്‍പ്പെടുത്തുന്നതിനായി വിട്ടുവീഴ്ച ചെയ്യേണ്ടിടത്തേക്ക് ടീം എത്തി
ചിലര്‍ കളിക്കളത്തില്‍ ഒളിക്കുകയാണ്, പുറത്തേക്കുള്ള വഴി തുറന്നതിന് പിന്നാലെ ഒളിയമ്പുമായി ലുകാക്കു

നെഗറ്റീവ് തന്ത്രങ്ങള്‍ കൊണ്ട് ലിവര്‍പൂളിനെ വീഴ്ത്തിയ മൗറിഞ്ഞോയുടെ തന്ത്രങ്ങള്‍ സെവില്ല അനായാസേന എടുത്ത് കളിക്കളത്തിന് പുറത്തേക്ക് കളഞ്ഞു. ഫലമോ? ചാമ്പ്യന്‍സ് ലീഗില്‍ നിന്നും മൗറിഞ്ഞോയും സംഘവും പുറത്ത്. 

ഒന്നിനെതിരെ രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരങ്ങള്‍ കൂടാരം കയറുന്നതിന് മുന്‍പ് തന്നെ സ്റ്റേഡിയം ഒഴിഞ്ഞിരുന്നു. നിലയുറപ്പിച്ചതാവട്ടെ സെവില്ലയുടെ ആരാധകര്‍ മാത്രം. അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ ടീം ഒരു തരത്തിലും ആ നിലയിലേക്ക് ഉയര്‍ന്നു കൡക്കുന്നത് സെവില്ലയ്‌ക്കെതിരെ ആരാധകര്‍ക്ക് കാണാനായില്ല. 

74ാം മിനിറ്റിലും,  78ാം മിനിറ്റിലും ബെന്‍ യെഡ്ഡര്‍ സെവില്ലയ്ക്ക് വേളി വല കുലുക്കിയപ്പോള്‍ 84ാം മിനിറ്റില്‍ ലുക്കാക്കുവിലൂടെയായിരുന്നു മാഞ്ചസ്റ്ററിന്റെ ആശ്വാസ ഗോള്‍. 2014ന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറ്റം നടത്താന്‍ യുനൈറ്റഡിന് സാധിച്ചിട്ടില്ല. ഇത്തവണയും കഥയില്‍ മാറ്റമില്ല. 

വലുപ്പത്തിന്റെ പേരില്‍ വെസ്റ്റ് ഹാം തള്ളിക്കളഞ്ഞ മുന്നേറ്റ നിരക്കാരന്‍ ബെന്‍ യെഡ്ഡര്‍ കളി മാറ്റി മറിക്കാന്‍ പ്രാപ്തിയുള്ളവനാണ് താനെന്ന് തെളിയിക്കുക കൂടിയായിരുന്നു. 72ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയായിരുന്നു യെഡ്ഡറിന്റെ തകര്‍പ്പന്‍ കളി. 

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നതിന് സഹതാരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി ലുക്കാക്കുവുമെത്തി. ചില കളിക്കാര്‍ കളിക്കളത്തില്‍ ഒളിക്കുകയായിരുന്നു എന്നാണ് ലുക്കാക്കുവിന്റെ വിമര്‍ശനം. ഞങ്ങളുടെ ചില കളിക്കാര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. നല്ല തുടക്കമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് കളിയില്‍ മേല്‍ക്കോയ്മ അവരുടെ കൈകളിലേക്ക് ഞങ്ങള്‍ നല്‍കുകയായിരുന്നു. അവസരങ്ങള്‍ ലഭിച്ചിട്ടും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും ലുക്കാക്കു പറയുന്നു. 

മൗറിഞ്ഞോയുടെ ഫോര്‍മേഷനെ പ്രതികൂല ഘടകമായത് സാഞ്ചസിന്റെ വരവാണെന്നാണ് യുനൈറ്റഡിന്റെ പുറത്താകലിന് പിന്നാലെ ഉയരുന്ന വിലയിരുത്തല്‍. പോഗ്ബയും, ജെസെയും, ലുകാക്കുവും ഇഴകി കളിച്ചിരുന്നിടത്തേക്ക് സാഞ്ചസ് കൂടി എത്തിയതോടെ സാഞ്ചസിനെ ഉള്‍പ്പെടുത്തുന്നതിനായി വിട്ടുവീഴ്ച ചെയ്യേണ്ടിടത്തേക്ക് ടീം എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com