കോഹ്‌ലിയെക്കുറിച്ച് ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിക്കുക, ചോദ്യം വിശ്വസിക്കാനാവാതെ വിദ്യാര്‍ഥികള്‍

പശ്ചിമ ബംഗാളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ജനപ്രിയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെക്കുറിച്ചായിരുന്നു.
കോഹ്‌ലിയെക്കുറിച്ച് ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിക്കുക, ചോദ്യം വിശ്വസിക്കാനാവാതെ വിദ്യാര്‍ഥികള്‍

സ്‌കൂള്‍ പഠനകാലത്തെ ഏറ്റവും വലിയ കീറാമുട്ടിയാണ് പരീക്ഷ. ചോദ്യങ്ങളും ഉത്തരങ്ങളുമായി മല്ലിടുമ്പോള്‍ ഏറെ ഇഷ്ടപ്പെട്ട ആരെങ്കിലേയും കുറിച്ചൊരു ചോദ്യത്തിന് ഉത്തരമെഴുതാന്‍ കഴിഞ്ഞെങ്കിലോ..! അതൊരു ക്രിക്കറ്റ് താരമായെങ്കിലോ..? എന്നാല്‍ അങ്ങനെ സംഭവിച്ചു. പശ്ചിമ ബംഗാളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ജനപ്രിയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെക്കുറിച്ചായിരുന്നു.

കുട്ടികള്‍ ഇതുപോലെ വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ഉത്തരമെഴുതിയ മറ്റൊരു ചോദ്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഇംഗ്ലീശ് പരീക്ഷയെഴുതിയ ശേഷം കുട്ടികള്‍ വളരെ ആഹ്ലാദത്തിലായിരുന്നു. 'ഇതുപോലൊരു ചോദ്യം ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എന്റെ ആരാധനാപാത്രമാണ്'- മുര്‍ഷിധാബാദിലെ നബിപൂര്‍ സരളബാല ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഷമിന്‍ അക്തര്‍ പറഞ്ഞു. 

'പത്ത് മാര്‍ക്കിന്റെ നിര്‍ബന്ധിത ചോദ്യമായിരുന്നു അത്. ചില പോയിന്റുകള്‍ തന്ന് കോഹ്ലിയുടെ പ്രൊഫൈല്‍ തയാറാക്കാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ പോയിന്റ്‌സ് ഒന്നും തന്നെ തന്നില്ലെങ്കിലും വളരെ പ്രശസ്തനായ കോഹ്ലിയെക്കുറിച്ച് ഞങ്ങള്‍ ഇഷ്ടംപോലെ എഴുതും' -വെസ്റ്റ് മിഡ്‌നാപൂരിലെ മിഡ്‌നാപൂര്‍ മിഷന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ ഗോഷാല്‍ പറഞ്ഞു.

'കോഹ്ലിക്കുറിച്ച് എഴുതാന്‍ കഴിഞ്ഞത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ ആരാധനാപുരുഷനായ കോഹ്‌ലിയെക്കുറിച്ച് എഴുതിയപ്പോള്‍ ഞാന്‍ ഏറെ ആനന്ദിച്ചു'- കൊല്‍ക്കത്തയിലെ ബാല്‍രാംപൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഇഷ ഷാ പറഞ്ഞു.

മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയപ്രവര്‍ത്തകനുമായ ലക്ഷ്മി രത്തന്‍ ശുകഌും കോഹ്‌ലിയെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com