സുശീല്‍ കുമാറിനെ ഒഴിവാക്കി കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള താരങ്ങളുടെ ലിസ്റ്റ്; വെബ്‌സൈറ്റ് തകരാറെന്ന് ഒടുവില്‍ വിശദീകരണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളുടേതായി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റില്‍ സുശീല്‍ കുമാറിന്റെ പേരുണ്ടായിരുന്നു
സുശീല്‍ കുമാറിനെ ഒഴിവാക്കി കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള താരങ്ങളുടെ ലിസ്റ്റ്; വെബ്‌സൈറ്റ് തകരാറെന്ന് ഒടുവില്‍ വിശദീകരണം

രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ രാജ്യത്തിന് നേടിത്തന്ന സുശീല്‍ കുമാറിന്റെ പേരില്ലാതെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന റെസ്ലിങ് താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് അധികൃതര്‍. 74ാം കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സുശീല്‍ മത്സരിക്കേണ്ടിയിരുന്നത്. 

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ പുറത്തുവിട്ട എന്‍ട്രീസ്‌ ബൈ ഇവന്റ്‌സ് ലിസ്റ്റില്‍ ഈ കാറ്റഗറിയില്‍ 15 താരങ്ങളുടെ പേര് നല്‍കിയിട്ടുണ്ടെങ്കിലും സുശീല്‍ കുമാറിന് ഇതില്‍ ഇടമില്ല. 74ാം കിലോഗ്രാം ഫ്രീസ്റ്റൈല്‍ അല്ലാതെയുള്ള കാറ്റഗറിയില്‍ മത്സരിക്കുന്ന താരങ്ങളുടെ പേര് മറ്റൊരു ലിസ്റ്റായും അധികൃതര്‍ പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ ഇതിലും സുശീലിനെ ഒഴിവാക്കിയിരിക്കുകയാണ്. 
 
തന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായതിന് പിന്നാലെ സുശീല്‍ താന്‍ പരിശീലനം നടത്തിവരുന്ന ജോര്‍ജിയയില്‍ നിന്നും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും, ഇന്ത്യന്‍ ഒളിമ്പിക്‌സ് ഫെഡറേഷനുമായും ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിലാണ് സുശീല്‍ ഇപ്പോള്‍. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളുടേതായി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റില്‍ സുശീല്‍ കുമാറിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് സുശീലിന്റെ പരിശീലകര്‍ ഉള്‍പ്പെടെ ഉന്നയിക്കുന്നത്. 

എന്നാല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ തകരാറാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നാണ് റെസ്ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് റായി പറയുന്നത്. ഒളിമ്പിക്‌സ് അസോസിയേഷനുമായി സംസാരിച്ച് തെറ്റ് തിരുത്തിയെന്നും അദ്ദേഹം പറയുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്നതിനുള്ള യാത്ര രേഖകള്‍ ഉള്‍പ്പെടെ തയ്യാറായി ഇരിക്കുമ്പോഴായിരുന്നു സുശീലിന്റെ പേരില്ലാതെ ലിസ്റ്റ് അധികൃതര്‍ പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com