'പൊന്‍മുട്ടയിടുന്നതിന്റെ റെക്കോഡ് ഹിറ്റ്മാന് സ്വന്തം'; രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd May 2018 01:15 PM |
Last Updated: 02nd May 2018 01:15 PM | A+A A- |

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് പറയാനെ ഇപ്പോള്‍ ആരാധകര്‍ക്ക് നേരമൊള്ളൂ. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയുള്ള മത്സരത്തിലെ അതിസുന്ദരമായ ക്യാച്ചാണ് ഒരു കാരണം. ക്വിന്റണ്‍ ഡികോക്ക് അടിച്ചുപറത്തിയ പന്ത് നിലംതൊടുന്നതിന് തൊട്ടുമുമ്പായി വായുവില്‍ വട്ടം കറങ്ങി കൈപ്പിടിയില്‍ ഒതുക്കിയതുകണ്ട് ആരാധകര്‍ വിസ്മയിച്ചു. എന്നാല്‍ ഇത് മാത്രമല്ല ഹിറ്റ്മാനെ സോഷ്യല്‍ മീഡിയയില്‍ നിറയ്ക്കുന്നത്. ഈ സീസണില്‍ രണ്ട് മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കില്‍ പോയതിന്റെ നാണം കെട്ട റെക്കോഡ് സ്വന്തമാക്കിയതിന്റെ പേരില്‍ കൂടിയാണ്.
ഹിറ്റ്മാന്‍ പൊന്‍മുട്ടയിടുന്നതു കണ്ട് വെറുതെ നോക്കിയിരിക്കാന്‍ ട്രോളന്മാര്‍ക്കാവില്ലല്ലോ. മുംബൈയുടെ നായകനെ കളിയാക്കി നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരേയും കഴിഞ്ഞ മാസം 22 ന് രാജസ്ഥാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരേയുമുള്ള മത്സരത്തിലാണ് രോഹിത് സംപൂജ്യനായത്. രാജസ്ഥാനെതിരായ മത്സരത്തില്‍ റണ്‍ഔട്ടിലൂടെയാണ് താരം പുറത്തായത്. ബാംഗ്ലൂരുവിനെതിരേ ഉമേഷ് യാദവിന്റെ ബോളിന്‍ കീപ്പര്‍ക്ക് പിടികൊടുക്കുകയായിരുന്നു.
ബാംഗ്ലൂരുവിന് എതിരേ 14 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. 168 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. 42 പന്തില്‍ നിന്ന് 50.