അന്ന് ധോനിയെ അപമാനിച്ച യുവി, സെവാഗിന്റെ കോളറിന് പിടിച്ച കോച്ച്; ഇന്ത്യന്‍ ഡ്രസിങ്ങ് റൂമിലെ അറിയാക്കഥകള്‍

ഞാന്‍ താമസിക്കുന്നിടത്ത് 8000 പേരുണ്ട്. അവരെല്ലാം എനിക്ക് സുരക്ഷ ഒരുക്കും എന്നായിരുന്നു മുനാഫിന്റെ മറുപടി
അന്ന് ധോനിയെ അപമാനിച്ച യുവി, സെവാഗിന്റെ കോളറിന് പിടിച്ച കോച്ച്; ഇന്ത്യന്‍ ഡ്രസിങ്ങ് റൂമിലെ അറിയാക്കഥകള്‍

ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങുന്ന ദിനം സ്വപ്‌നം കാണുന്ന യുവത്വം നമുക്കിടയിലുണ്ടാകും. ആ സ്വപ്നത്തെ ഉള്ളിന്റെയുള്ളില്‍ കുഴിച്ചു മൂടിയവരുമുണ്ടാകും. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിലേക്ക് എത്തുന്നത് ഇവരുടെയെല്ലാം സ്വപ്‌നങ്ങളിലുണ്ടാകും. കളിക്കാര്‍ക്ക് മാത്രമല്ല, ആരാധകര്‍ക്കും കൗതുകമുള്ള ഒന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം, ഡ്രസിങ് റൂം രഹസ്യങ്ങള്‍..

നിങ്ങളുടെ മുന്നിലേക്ക ഇതിന് മുന്‍പ് എത്തിയിട്ടില്ലാത്ത ചില ഡ്രസിങ് റൂം രഹസ്യങ്ങള്‍...

2007ലെ ലോക കപ്പിനിടയില്‍ സച്ചിനോട് മുനാഫ് പട്ടേല്‍

പ്രതീക്ഷകളേറെയായിട്ടായിരുന്നു 2007ല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നത്. പക്ഷേ ബംഗ്ലാദേശില്‍ നിന്നും ഏറ്റ അപ്രതീക്ഷിത പ്രഹരം ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാനായി എത്തിയ ധോനി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ബാറ്റിങ് നിര ശൗര്യം കാണിച്ചത് ബര്‍മുഡയ്ക്ക് മുന്നില്‍ മാത്രം. 

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായതോടെ ആരാധകര്‍ കളിക്കാരുടെ വീടുകള്‍ക്ക് നേരെ അതിക്രമം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സമയം പേടിയുണ്ടോ എന്നായിരുന്നു സച്ചിന്‍ മുനാഫ് പട്ടേലിനോട് ചോദിച്ചത്. 

ഞാന്‍ താമസിക്കുന്നിടത്ത് 8000 പേരുണ്ട്. അവരെല്ലാം എനിക്ക് സുരക്ഷ ഒരുക്കും എന്നായിരുന്നു മുനാഫിന്റെ മറുപടി. ഡ്രസിങ് റൂമിന് ഉണര്‍വേകുന്നതായിരുന്നു മുനാഫിന്റെ ഈ വാക്കുകള്‍ എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

2003ലെ ലോക കപ്പ്

2003 ലോക കപ്പ് ഫൈനലില്‍ ആ സമയം അപ്രാപ്യമെന്ന് തോന്നിക്കുന്ന ടോട്ടലായിരുന്നു റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിലുള്ള ഓസീസ് ഇന്ത്യയ്ക്ക് മുന്‍പാകെ വെച്ചത്. 359 എന്ന റണ്‍സില്‍ ഇന്ത്യന്‍ ഡ്രസിങ് റൂം പരുങ്ങി നില്‍ക്കുമ്പോഴായിരുന്നു ടീമിന് ഉണര്‍വേകുന്ന സച്ചിന്റെ വാക്കുകള്‍. 

എല്ലാ ഓവറിലും ഓരോ ബൗണ്ടറി അടിക്കാന്‍ സാധിക്കുമോ? ഡ്രസിങ് റൂമില്‍ സച്ചിന്റെ ചോദ്യം ഇതായിരുന്നു. അങ്ങിനെ എങ്കില്‍ 50 ബോളില്‍ 200 റണ്‍സ് നമുക്ക് കിട്ടും. ബാക്കി 160 റണ്‍സ് എടുക്കാന്‍ 250 ബോള്‍ നമുക്ക മുന്നിലുണ്ടെന്നായിരുന്നു സച്ചിന്‍ ഡ്രസിങ് റൂമിനെ ഓര്‍മപ്പെടുത്തിയത്. 

സച്ചിന്‍ ഇങ്ങനെയൊരു ആശയം മുന്നോട്ടു വെച്ചതായി ഹര്‍ഷ ബോഗ്ലെ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. പക്ഷേ തുടക്കത്തിലെ സച്ചിന്‍ മടങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 

ധോനിക്കേറ്റ അപമാനം

ഇന്ത്യന്‍ ടീമിലെ ആദ്യ നാളുകളില്‍ മുതിര്‍ന്ന താരങ്ങള്‍ തന്നോട് മോശമായി പെരുമാറിയിരുന്നതായി ധോനി വെളിപ്പെടുത്തിയിട്ടുണ്ട്. യുവിയായിരുന്നു ഇതിനെല്ലാം മുന്‍പില്‍. കളി ജയിപ്പിക്കാന്‍ സാധിക്കാതെ, വെറുതെ ബൗണ്ടറി അടിച്ചിട്ട് കാര്യമില്ലെന്നായിരുന്നു യുവി ധോനിയോട് പറഞ്ഞത്. 

എന്നാല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് ധോനിയില്‍ നിന്നും വന്നതോടെ ടെസ്റ്റ് കളിച്ച് തിളങ്ങിയാലെ കഴിവ് തെളിയിക്കുവാന്‍ സാധിക്കൂ എന്നായി യുവി. ഒടുവില്‍ ക്ഷമ നശിച്ച് ധോനി, നിങ്ങള്‍ക്കെന്താണ് എന്നോട് ദേഷ്യം എന്ന് യുവിയോട് ആരാഞ്ഞതായുമായിരുന്നു വാര്‍ത്തകള്‍. 

യുവിയെ പറ്റിച്ച് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുന്ന യുവ താരങ്ങളെ മുതിര്‍ന്ന താരങ്ങള്‍ കളിപ്പിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ അധികം കേള്‍ക്കാത്ത ഒരു സംഭവമാണ് യുവിയും ഗാംഗുലിയും തമ്മിലുണ്ടായത്. 

കളിയുടെ തലേദിവസം യുവിയോട് ഗാംഗുലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്ന് നിര്‍ദേശിച്ചു. അത്ഭുതപ്പെട്ട് നിന്ന യുവി എതിര്‍പ്പ് പറയാതെ യെസ് പറഞ്ഞു. കളിയുള്ള ദിവസം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങി യുവി തയ്യാറായി നിന്നപ്പോള്‍ മാത്രമാണ് ഗാംഗുലി തന്റെ കളിയായിരുന്നു ഇതെന്ന് യുവിയെ അറിയിച്ചത്. യുവി ഇതിനോട് എങ്ങിനെ പ്രതികരിച്ചു എന്നത് ഇതുവരെ ഡ്രസിങ് റൂമിന് പുറം ലോകം അറിഞ്ഞിട്ടില്ല. 

സെവാഗിന്റെ കോളറിന് പിടിച്ച് ജോണ്‍ റൈറ്റ്

സൗമ്യനായ വ്യക്തിയായിട്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന സമയത്ത് ജോണ്‍ റൈറ്റ് വിലയിരുത്തപ്പെട്ടത്. പക്ഷേ ജോണ്‍ റൈറ്റിന്റെ ശാന്തത കൈവിട്ടു പോകുന്ന നിമിഷവും ഇന്ത്യന്‍ ഡ്രസിങ് റൂമിലുണ്ടായി. 

2002 നാറ്റ്വെസ്റ്റ് ട്രോഫിക്കിടെയായിരുന്നു ഇത്. മോശം ഫോമിലുള്ള സെവാഗ് അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇനി ഒരു മോശം ഷോട്ടിന് ശ്രമിച്ച് സെവാഗ് പുറത്തായാല്‍....ദ്രാവിഡിനോട് ജോണ്‍ റൈറ്റ് പറഞ്ഞു. ആ കളിയിലും സെവാഗിന് പിഴച്ചു. ഡ്രസിങ് റൂമിലേക്കെത്തിയ സെവാഗിന്റെ കോളറിന് പിടിച്ച് ജോണ്‍ റൈറ്റ് സംസാരിച്ചു. പക്ഷേ സെവാഗത് തമാശയാക്കിയെടുത്തെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com