അന്ന് ഭാജിയോട് കൊമ്പുകോര്‍ത്തതിന് പിന്നാലെ സംഭവിച്ചത്, എല്ലാ വര്‍ഷവും ഓരോ ബാറ്റ് കോഹ് ലിയില്‍ നിന്ന് വാങ്ങും; റായിഡുവിന്റെ വെളിപ്പെടുത്തല്‍

റായിഡുവിന്റെ അടുത്തേക്കെത്തി ഭാജി ക്ഷമ ചോദിക്കാന്‍ മുതിര്‍ന്നുവെങ്കിലും കൈ തട്ടിമാറ്റി റായിഡു നടന്നു
അന്ന് ഭാജിയോട് കൊമ്പുകോര്‍ത്തതിന് പിന്നാലെ സംഭവിച്ചത്, എല്ലാ വര്‍ഷവും ഓരോ ബാറ്റ് കോഹ് ലിയില്‍ നിന്ന് വാങ്ങും; റായിഡുവിന്റെ വെളിപ്പെടുത്തല്‍

നീണ്ട എട്ട് സീസണായിരുന്നു അമ്പാട്ടി റായിഡു മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നത്. 2018ലെ താര ലേലത്തില്‍ റായിഡുവിനെ ചെന്നൈയിലെത്തിച്ച് ധോനി ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. റായിഡുവാകട്ടെ ക്ലബ് ഏതായാലും താന്‍ റണ്‍ വാരിക്കൂട്ടുമെന്ന് വ്യക്തമാക്കി ഐപിഎല്‍ പതിനൊന്നാം സീസണിലെ റണ്‍ സ്‌കോറര്‍മാരില്‍ നാലാമതെത്തി.

ഇങ്ങനെ റണ്‍സ് വാരിക്കൂട്ടുന്നതിന് പിന്നില്‍ എന്തെങ്കിലും മന്ത്രവിദ്യ ഉണ്ടോയെന്നായിരുന്നു ക്യുക്ക് ഹീല്‍ ഭാജി ടോക് ഷോയില്‍ എത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ് റായിഡുവിനോട് ചോദിച്ചത്. റായിഡു ആ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. 

എല്ലാ വര്‍ഷവും ഞാന്‍ കോഹ് ലിയില്‍ നിന്നും ഒരു ബാറ്റ് വാങ്ങും. ഐപിഎല്ലില്‍ തന്റെ വ്യക്തിഗത നേട്ടത്തിന് വഴിയൊരുക്കുന്നത് ഇതാണെന്നാണ് റായിഡു പറയുന്നത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത് എത്തിയതിന് പുറമെ, സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുമുണ്ട് റായിഡു. ഐപിഎല്‍ പതിനൊന്നാം സീസണില്‍ മുപ്പത്തിരണ്ടുകാരനായ റായിഡു 53 ബൗണ്ടറിയും 34 സിക്‌സുമാണ് പറത്തിയത്. 

2008 മുതല്‍ 2017 വരെ മുംബൈയ്ക്ക് വേണ്ടി കളിച്ച ഭാജിയും റായിഡും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളിക്കളത്തില്‍ തമ്മിലുണ്ടായ കൊമ്പുകോര്‍ക്കലിനെ കുറിച്ചും ഇപ്പോള്‍ പറയുന്നു. മുംബൈ പുനെയ്‌ക്കെതിരെ കളിക്കുമ്പോഴായിരുന്നു സംഭവം. തിവാരി സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ ബൗള്‍ ചെയ്യാനെത്തിയത് ഹര്‍ഭജന്‍. റായിഡുവിന്റെ ഫീല്‍ഡിങ് ശ്രമം വിഫലമാക്കി തിവാരി റണ്‍സ് നേടി. 

റായിഡുവിന്റെ ഫീല്‍ഡിങ്ങില്‍ തൃപ്തനാവാതിരുന്ന ഹര്‍ഭജന്‍ അത് പരസ്യമായി പ്രതികരിച്ചു. ഇതിനോട് റായിഡു തിരിച്ചടിക്കുകയും ചെയ്തു. റായിഡുവിന്റെ അടുത്തേക്കെത്തി ഭാജി ക്ഷമ ചോദിക്കാന്‍ മുതിര്‍ന്നുവെങ്കിലും കൈ തട്ടിമാറ്റി റായിഡു നടന്നു. ഞാന്‍ നിരവധി കളിക്കാരുമായി കൊമ്പുകോര്‍ത്തിട്ടുണ്ട്. എന്നാല്‍ എന്നോട് തിരിച്ചടിച്ച ഒരേയൊരു കളിക്കാരന്‍ റായിഡു മാത്രമാണെന്ന് ഭാജി പറയുന്നു.

സംഭവത്തിന് ശേഷം ഞാന്‍ നിരവധി തവണ ഭാജിയോട് ക്ഷമ പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കും എന്ന് പറഞ്ഞാണ് സീനിയര്‍ താരങ്ങള്‍ എന്നെ ആശ്വസിപ്പിച്ചത്. എന്നാല്‍ നീ മാത്രം കുറ്റം മുഴുവന്‍ ഏറ്റെടുക്കേണ്ടെന്നും, എനിക്കും അന്ന് തെറ്റുപറ്റിയെന്നും ഹര്‍ഭജനും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com