കയ്യാങ്കളിയും കള്ളക്കളിയും ഇനി വേണ്ട; ടോസിന്റെ തലവെട്ടാനുള്ള നീക്കത്തിനെതിരേയും ക്രിക്കറ്റ്‌ കമ്മിറ്റി

ടോസ് ആതിഥേയ രാജ്യത്തിന് കളിയില്‍ കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നും ഇത് അനീതിയാണെന്നുമുള്ള വാദങ്ങളാണ് ടോസ് സമ്പ്രദായത്തിനെതിരെ വാദിച്ചവര്‍ ഉന്നയിച്ചിരുന്നത്
കയ്യാങ്കളിയും കള്ളക്കളിയും ഇനി വേണ്ട; ടോസിന്റെ തലവെട്ടാനുള്ള നീക്കത്തിനെതിരേയും ക്രിക്കറ്റ്‌ കമ്മിറ്റി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടോസ് എടുത്തുമാറ്റണമെന്ന വാദങ്ങള്‍ക്ക് താത്കാലിക വിരാമം. ടോസ് എന്നത് ടെസ്റ്റ് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണെന്ന് വിലയിരുത്തി അനില്‍ കുംബ്ലേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ടോസ് എടുത്തു കളയാനുള്ള നീക്കത്തെ തള്ളി. 

ടോസ് ആതിഥേയ രാജ്യത്തിന് കളിയില്‍ കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നും ഇത് അനീതിയാണെന്നുമുള്ള വാദങ്ങളാണ് ടോസ് സമ്പ്രദായത്തിനെതിരെ വാദിച്ചവര്‍ ഉന്നയിച്ചിരുന്നത്. ടോസ് സമ്പ്രദായം ഒഴിവാക്കി വിസിറ്റിങ് ടീമിന് ബാറ്റിങ്ങാണോ, ഫീല്‍ഡിങ്ങാണോ വേണ്ടതെന്ന് തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നല്‍കണമെന്നായിരുന്നു ഒരു കൂട്ടരുടെ ആവശ്യം. 

എന്നാല്‍ ടോസ് ഒഴിവാക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്നായിരുന്നു ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ക്രിക്കറ്റ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്. വരാനിരിക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ വെച്ച് ക്വാളിറ്റി പിച്ച് ഓരോ രാജ്യങ്ങളും തയ്യാറാക്കേണ്ടതുണ്ടെന്നും ക്രിക്കറ്റ് കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. 

ഐസിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ബാറ്റിങ്ങിലും ബൗളിങ്ങിലും ബാലന്‍സ്ഡ് ആയ പിച്ച് ഒരുക്കുന്നതിലായിരിക്കണം ആതിഥേയ രാജ്യങ്ങള്‍ ശ്രദ്ധ കൊടുക്കേണ്ടതെന്ന് യോഗം വിലയിരുത്തി. ടോസ് സമ്പ്രദായം തുടരാന്‍ തീരുമാനമെടുത്ത യോഗത്തില്‍ കളിയുടെ മാന്യത നിലനിര്‍ത്തുന്നതിന് കടുത്ത നടപടികളും കമ്മിറ്റി ശുപാര്‍ശ ചെയ്തു. 

കളിക്കാരുടെ മോശം പെരുമാറ്റത്തിന് ശക്തമായ ശിക്ഷ നല്‍കണം എന്നാണ് കമ്മിറ്റിയില്‍ ഉയര്‍ന്ന നിലപാട്. കളിക്കാരും, ഏറ്റുമുട്ടുന്ന രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദ ബന്ധം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ ഐസിസി സ്വീകരിക്കണം. പന്തില്‍ കൃത്രിമം നടത്തുന്നവര്‍ക്ക് കൂടുതല്‍ ശക്തമായ വിലക്കുകള്‍ ഏര്‍പ്പെടുത്തണം എന്ന നിര്‍ദേശവും കമ്മിറ്റി ഐസിസിക്ക് മുന്നില്‍ വെച്ചു. 

വ്യക്തിപരമായി കളിക്കാര്‍ തമ്മില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കും കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം കോഡ് ഓഫ് റെസ്പക്റ്റ് നടപ്പിലാക്കണം എന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com