ആരാധകർ പറയുന്നു, വടക്കുകിഴക്കൻമാരെ കിഴുക്കി ബ്ലസ്റ്റാകൂ ബ്ലാസ്റ്റേഴ്സ്... പ്ലീസ്

ഇന്ന് നോർത്ത്ഈസ്റ്റ് യുനൈറ്റ‍ഡിനെ അവരുടെ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടാനിറങ്ങുകയാണ്
ആരാധകർ പറയുന്നു, വടക്കുകിഴക്കൻമാരെ കിഴുക്കി ബ്ലസ്റ്റാകൂ ബ്ലാസ്റ്റേഴ്സ്... പ്ലീസ്

സീസണിലെ ആദ്യ എെഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല വിജയം സ്വന്തമാക്കി തുടക്കം ​ഗംഭീരമാക്കിയപ്പോൾ പന്ത്രണ്ടാമൻമാരായ ആരാധക കൂട്ടം വൻ പ്രതീക്ഷയിലായിരുന്നു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ടീമിന് വിജയിക്കാൻ സാധിക്കാതെ വന്നതോടെ അവർ നിരാശയിലായി. മിക്ക മത്സരങ്ങളിലും നല്ലത് പോലെ കളിക്കാൻ കഴിഞ്ഞിട്ടും വിജയം അകന്നുനിന്നു. ഇന്ന് കൊമ്പൻമാർ വടക്കുകിഴക്കൻമാരെ നേരിടുമ്പോൾ ആരാധക കൂട്ടം ഒരു വിജയവും ഉജ്ജ്വല തിരിച്ചുവരവും പ്രതീക്ഷിക്കുന്നു. 

ഇന്ന് നോർത്ത്ഈസ്റ്റ് യുനൈറ്റ‍ഡിനെ അവരുടെ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടാനിറങ്ങുകയാണ്. കണക്കുകൾ കേരള ടീമിന് അനുകൂലമാണ്. ഇതുവരെ എട്ട് തവണ നേർക്കുനേർ മുട്ടിനോക്കിയപ്പോൾ അഞ്ചിലും ബ്ലാസ്റ്റേഴ്സിനു മുന്നിൽ അവർ മുട്ടിടിച്ചു വീണു. ഹോം ഗ്രൗണ്ടിൽ പൂച്ചയെ പോലാണെങ്കിലും എവേ ഗ്രൗണ്ട‍ുകളിൽ ബ്ലാസ്റ്റേഴ്സ് പുലികളാണ്. എടികെക്കെതിരേയും മുംബൈക്കെതിരെയും അത് കണ്ടു. ഗുവാഹത്തിയിൽ 20 ഡിഗ്രിക്കു താഴെയാണ് രാത്രി താപനില എന്നതിനാൽ വിയർത്ത് കളിക്കേണ്ട എന്ന ആനുകൂല്യമുണ്ട്. 

കഴിഞ്ഞ ആറ് കളികളിൽ മൂന്ന് പോരാട്ടങ്ങളിൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ കൈവിട്ടുപോയത്പോ അവസാന 10 മിനുട്ടുകളിലാണ്. മുംബൈയ്ക്കെതിരെ 1–0നു മുന്നിട്ടു നിന്ന ശേഷം 90ാം മിനുട്ടിൽ ഗോൾ വഴങ്ങി രണ്ട് പോയിന്റ് നഷ്ടപ്പെടുത്തി. ഡൽഹിക്കെതിരെ1–0നു ലീഡ് ചെയ്ത ശേഷം 85ാം മിനുട്ടിൽ ​ഗോൾ വഴങ്ങി പടിക്കൽ കലമുടച്ചു. ബംഗളൂരുവിനെതിരെ 1–1ന് സമനില പാലിക്കേ, 81ാം മിനുട്ടിൽ പരാജയ ഗോൾ വഴങ്ങി. കഴിഞ്ഞ മത്സരത്തിൽ തൊട്ടതെല്ലാം പിഴച്ചു.  

ഈ സീസണിൽ സ്വന്തം മൈതാനം നോർത്ത്ഈസ്റ്റിനും ബ്ലാസ്റ്റേഴ്സിനും സന്തോഷിക്കാൻ വക നൽകിയിട്ടില്ല. എവേ ഗ്രൗണ്ടുകളിൽ കരുത്തരായ ചെന്നൈയിനെയും എടികെയെയും തകർത്തുവിട്ട നോർത്ത് ഈസ്റ്റിന് സ്വന്തം ഗ്രൗണ്ടായ ഇന്ദിരഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ കളിച്ച മൂന്ന് കളികളിൽ ഒന്നിൽ പോലും ജയിക്കാനായില്ല. ഒന്നിൽ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയായി. ബ്ലാസ്റ്റേഴ്സിന്റെ കഥയും സമാനം. ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ വിജയമില്ല. കഴിഞ്ഞ കളിയിൽ തോറ്റാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. കഴിഞ്ഞ കളിയിൽ നോർത്ത് ഈസ്റ്റും തോറ്റു. പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തു നിൽക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ഏഴാമതാണ്. 

ആദ്യ പോരിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയപ്പോൾ പരിശീലകൻ ഡേവിഡ് ജെയിംസിന്റെ കണക്കുകൂട്ടലുകൾ എല്ലാം ശരിയായി വരുന്നു എന്ന തോന്നലുണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ടീമിൽ വരുത്തിയ മാറ്റങ്ങളും മറ്റും വിമർശന വിധേയമായി. പക്ഷേ ടീമിൽ പരീക്ഷണങ്ങൾ തുടരുന്ന കാര്യത്തിൽ അദ്ദേഹം പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. 

കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തായപ്പോൾ കോച്ച് റെനെ മ്യൂളൻസ്റ്റീന്റെ കസേര തെറിച്ചു. ലീഗിന്റെ പാതിവഴിയിൽ ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനമേറ്റെടുത്തു. ഈ സീസണിലും ഏഴു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ  കഴിഞ്ഞ സീസണിലേതു പോലെ ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്തു തന്നെ നിൽക്കുന്നു. പിന്നാലെ കോച്ചിന്റെ കസേര തെറിച്ചു. ഇന്നത്തെ ഫലവും നിരാശയാണെങ്കിൽ ഡേവിഡ് ജെയിംസിനും ആ വിധി വരുമോ എന്ന് കണ്ടറിയണം. 

ഇന്നത്തെ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്കു സിറിൽ കാലി മടങ്ങിയെത്തുമെന്നു സൂചനയുണ്ട്. കെസിറോൺ കിസിത്തോയും ഹാലിചരൺ നർസാരിയും ആദ്യ ഇലവനിലുണ്ടാകില്ല. പകരം സെമിൻലെൻ ദുംഗലും മലയാളി താരം സഹൽ അബ്ദുൽ സമദും മധ്യനിരയിലെത്തും. കെ പ്രശാന്തും സികെ വിനീതും കൂടി ചേരുമ്പോൾ ആദ്യ ഇലവനിൽ മൂന്ന് മലയാളി താരങ്ങൾ ഒന്നിക്കും. 

ഗോൾ വലയ്ക്കു മുന്നിൽ ഡേവി‍ഡ് ജെയിംസിന് വിശ്വാസമുള്ള നവീൻ കുമാറിന്റെ പ്രകടനം ഒട്ടും ആശാവഹമല്ല. ആദ്യ കളികളിൽ മികച്ച പ്രകടനം പുറത്തെടുത്ത കൗമാര താരം ധീരജ് സിങ് എട്ടു ഷോട്ടുകളിൽ നിന്നു വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. ധീരജിനു പകരം കോച്ച് വിശ്വസിച്ചു ഗോൾവല ഏൽപ്പിച്ച നവീൻ 17 ഷോട്ടുകളിൽ നിന്ന് വഴങ്ങിയത് ഒൻപത് ഗോളുകൾ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com