ഇടിച്ച് നേടാൻ പെൺ കരുത്ത്; ആറാം സ്വർണം തേടി മേരിയും കന്നി സുവർണ നേട്ടത്തിനായി സോണിയയും ഇറങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2018 05:34 AM  |  

Last Updated: 24th November 2018 05:34 AM  |   A+A-   |  

 

ന്യൂ‍‍ഡൽഹി: വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെഡി ജാദവ് അരീനയിൽ നിന്ന് ഇന്ന് ഇന്ത്യയ്ക്ക് രണ്ടു സ്വർണ മെഡലുകൾ ഇടിച്ച് സ്വന്തമാക്കാം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയാണ് മേരി കോമിന്റെ എതിരാളി. 57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ജർമനിയുടെ വാണർ ഓർനെല്ലയെ നേരിടും. 

കരിയറിലെ ആറാം ലോക കിരീടം തേടിയാണ് മേരി കോം ഇറങ്ങുന്നത്. ഏഴാം തവണയാണ് മേരി കോം ലോക ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്. സോണിയയുടെ ആദ്യ ലോക ചാംപ്യൻഷിപ്പ് ഫൈനലാണിത്.

വ്യാഴാഴ്ച നടന്ന സെമി ഫൈനൽ പോരിൽ മേരി കോം ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് കടന്നത്. സെമി ഫൈനലിൽ സോണിയ ഉത്തര കൊറിയയുടെ തന്നെ ജോ സൺ ഹ്വായെ തോൽപ്പിച്ചാണ് കലാശപ്പോരിനെത്തുന്നത്. സെമി ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം സ്വന്തമാക്കി. 

ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ മേരിയും സോണിയയും ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാല് സ്വർണമടക്കം എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്.  അനുകൂലമായി.