ദേ പിന്നേം സച്ചിനെ പിന്നിലാക്കി കോ‍ഹ്‍ലി; ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽ നിന്ന് 24 സെഞ്ച്വറികൾ നേടുന്ന രണ്ടാം താരം

ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽ നിന്ന് 24 സെഞ്ച്വറികൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്
ദേ പിന്നേം സച്ചിനെ പിന്നിലാക്കി കോ‍ഹ്‍ലി; ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽ നിന്ന് 24 സെഞ്ച്വറികൾ നേടുന്ന രണ്ടാം താരം

രാജ്കോട്ട്: സെഞ്ച്വറി നേടുമ്പോഴൊക്കെ എന്തെങ്കിലുമൊക്കെ റെക്കോർഡുകളും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോ‍ഹ്‍ലി ഒപ്പം ചേർക്കും. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ രാജ്കോട്ടിൽ തന്റെ ടെസ്റ്റ് കരിയറിലെ 24ാം ശതകം പിന്നിട്ടപ്പോഴും നായകൻ പതിവ് തെറ്റിച്ചില്ല. 

ഏറ്റവും കുറച്ച് ഇന്നിങ്സുകളിൽ നിന്ന് 24 സെഞ്ച്വറികൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കറിനെയാണ് കോ‍ഹ്‍ലി ഇക്കാര്യത്തിൽ പിന്നിലാക്കിയത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ്. 66 ഇന്നിങ്സുകളിൽ നിന്നാണ് ബ്രാഡ്മാൻ 24 ടെസ്റ്റ് സെഞ്ച്വറികൾ തികച്ചത്. രണ്ടാം സ്ഥാനം സ്വന്തമാക്കിയ കോഹ്‍ലിക്ക് ഈ നേട്ടത്തിലേക്ക് 123 ഇന്നിങ്സുകൾ വേണ്ടിവന്നു. സച്ചിൻ 125 ഇന്നിങ്സുകളിൽ നിന്നാണ് 24 ടെസ്റ്റ് ശതകങ്ങൾ സ്വന്തമാക്കിയത്. സുനിൽ ഗാവസ്കർ (128), മാത്യു ഹെയ്ഡൻ (132) എന്നിവർ പിന്നിലുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായും കോഹ‍്‍ലി മാറി. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ കോഹ്‍ലിയുടെ 17ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രെയം സ്മിത്ത് (25), മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് (19) എന്നിവരാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിലുള്ളത്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ ഏഴോ അതിലധികമോ സെഞ്ച്വറികൾ നേടിയിട്ടുള്ള താരമായും കോഹ്‍ലി മാറി. ഇക്കാര്യത്തിൽ സച്ചിനൊപ്പമാണ് നായകനെത്തിയത്. ഇത് അഞ്ചാം തവണയാണ് ഒരു കലണ്ടർ വർഷത്തിൽ കോഹ്‌ലി ഏഴ് സെഞ്ച്വറി പിന്നിടുന്നത്. 2012, 2014, 2016, 2017 വർഷങ്ങളിലും കോഹ്‍ലി ഏഴ് സെഞ്ച്വറികൾ കണ്ടെത്തിയിരുന്നു. സച്ചിൻ 1996, 1998, 1999, 2001, 2010 വർഷങ്ങളിലാണ് ഏഴോ അതിലധികമോ രാജ്യാന്തര ശതകങ്ങളുമായി തിളങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com