13 മിനിറ്റിനിടെ നാലടിച്ച് എംബാപ്പെ, പെനാല്‍റ്റിയില്‍ പിഴച്ച് സിറ്റിയുടെ സൂപ്പര്‍ താരം

ഗോള്‍ വല കുലുക്കി തുടങ്ങിയത് നെയ്മറായിരുന്നു എങ്കിലും കളി കളിഞ്ഞപ്പോള്‍ നെയ്മറെ എംബാപ്പെ കളിയില്‍ നിന്നേ മായ്ച്ചു കളഞ്ഞു
13 മിനിറ്റിനിടെ നാലടിച്ച് എംബാപ്പെ, പെനാല്‍റ്റിയില്‍ പിഴച്ച് സിറ്റിയുടെ സൂപ്പര്‍ താരം

ഇനിയും ഗോളടിക്കണമായിരുന്നു...13 മിനിറ്റിനിടെ നാല് ഗോളുകള്‍ അടിച്ചു കൂട്ടിയതിന് പിന്നാലെ പിഎസ്ജിയുടെ സെന്‍സേഷന്‍ എംബാപ്പെയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..രണ്ടാം പകുതിയില്‍ തകര്‍ത്തു കളിച്ച എംബാപ്പെ പക്ഷേ, ആദ്യ പകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടപെടുത്തിയിരുന്നു. 

ലീഗ് വണ്ണില്‍ ലയണിനെതിരെ ഗോള്‍ വല കുലുക്കി തുടങ്ങിയത് നെയ്മറായിരുന്നു എങ്കിലും കളി കളിഞ്ഞപ്പോള്‍ നെയ്മറെ എംബാപ്പെ കളിയില്‍ നിന്നേ മായ്ച്ചു കളഞ്ഞു. 61ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയായിരുന്നു എംബാപ്പെയുടെ തുടക്കം. 66, 69, 74 മിനിറ്റുകളില്‍ വീണ്ടും വീണ്ടും വല കുലുക്കി പത്തൊന്‍പതുകാരന്‍ ഫുട്‌ബോള്‍ ലോകത്തെ ഉണര്‍ത്തി. 

ലീഗ് വണ്ണില്‍ ഇത് പിഎസ്ജിയുടെ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ്. കളിയുടെ 32ാം മിനിറ്റില്‍ പിഎസ്ജിയുടെ കിംപെമ്പയ്ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്നുവെങ്കിലും പിഎസ്ജിയെ അതൊന്നും കുഴക്കിയില്ല. 

മറുവശത്ത് ലിവര്‍പൂളിന് ജീവന്‍ നല്‍കുകയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി പെനാല്‍റ്റി കളഞ്ഞു കുളിച്ച് മഹ്‌റസ്. 15 വര്‍ഷത്തിനിടെ ആന്‍ഫീല്‍ഡില്‍ ലീഗ് മത്സരം ജയിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. ജയിക്കാന്‍ കിട്ടിയ അവസരം മഹ്‌റസ് ഗോള്‍ പോസ്റ്റിന് മുകളിലൂടെ അടിച്ചു കളയുകയും ചെയ്തു. 

അതോടെ ഗോള്‍ രഹിത സമനിലയില്‍ ലിവര്‍പൂളിന്റെ തട്ടകത്ത് മത്സരം അവസാനിച്ചു. 85ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പകരക്കാരന്‍ ലെറോയ് സെനിനെതിരായ ഡിജിക്കിന്റെ ടാക്ലിങ്ങായിരുന്നു പെനാല്‍റ്റിയിലേക്ക് എത്തിയത്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 5-0ന് സിറ്റി ജയം പിടിച്ചപ്പോള്‍, ആന്‍ഫീല്‍ഡില്‍ 4-3ന് ജയം പിടിക്കുകയായിരുന്നു ലിവര്‍പൂള്‍. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍ മഴ പ്രതീക്ഷിച്ച ആരാധകര്‍ പക്ഷേ ഇവിടെ നിരാശരായി.

കളി സമനിലയില്‍ കുരുങ്ങിയതോടെ ലീഗില്‍ തോല്‍ക്കാതെ മുന്നേറുകയാണ് സിറ്റിയും ലിവര്‍പൂളും. 20 പോയിന്റോടെ ഒപ്പത്തിനൊപ്പമാണ് സിറ്റിയും ചെല്‍സിയും ലിവര്‍പൂളും. എന്നാല്‍ ഗോള്‍ ശരാശരിയില്‍ സിറ്റിയാണ് മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com