ആ തലവേദന ഒഴിഞ്ഞതായി കോഹ് ലി; നാലാം സ്ഥാനത്തേക്കുള്ള താരത്തെ കണ്ടെത്തി കഴിഞ്ഞുവെന്ന് നായകന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായിട്ടുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു കോഹ് ലിയുടെ പ്രതികരണം
ആ തലവേദന ഒഴിഞ്ഞതായി കോഹ് ലി; നാലാം സ്ഥാനത്തേക്കുള്ള താരത്തെ കണ്ടെത്തി കഴിഞ്ഞുവെന്ന് നായകന്‍

2019 ലോക കപ്പിന് മുന്‍പ് ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക് തലവേദന തീര്‍ത്ത് നിന്നത്. എന്നാല്‍ അമ്പാട്ടി റായിഡുവിലൂടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്ന് ഉറപ്പിക്കാം എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പറയുന്നത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായിട്ടുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു കോഹ് ലിയുടെ പ്രതികരണം. അടുത്ത വര്‍ഷത്തെ ലോക കപ്പ് മുന്നില്‍ നില്‍ക്കെ നാലാം സ്ഥാനമായിരുന്നു നമുക്ക് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഏഷ്യാ കപ്പ് കഴിഞ്ഞതോടെ, നാലാം സ്ഥാനത്ത് റായിഡുവില്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും ആത്മവിശ്വാസം വന്നിരിക്കുകയാണ് എന്ന് കോഹ് ലി പറയുന്നു. 

നാലാം സ്ഥാനത്തേക്കുള്ള താരത്തിന് വേണ്ടി വളരെ നാളായി നമ്മള്‍ അന്വേഷണം തുടരുകയാണ്. പല താരങ്ങളേയും പരീക്ഷിച്ചുവെങ്കിലും ടീമിന് വേണ്ട നിലവാരത്തിലേക്ക് ഉയര്‍ന്ന് കളിക്കാന്‍ അവര്‍ക്കായില്ല. റായിഡുവിന് ഇനി ലോക കപ്പിന് മുന്‍പ് വേണ്ട അവസരങ്ങള്‍ നല്‍കുക എന്നതാണ് നാം ചെയ്യേണ്ടത്. മധ്യനിര ബാറ്റ്‌സ്മാന്റെ റോള്‍ വഹിക്കാന്‍ പാകത്തിലാണ് റായിഡുവിന്റെ ബാറ്റിങ്ങ് പാകപ്പെട്ടിരിക്കുന്നത് തന്നെയെന്നും കോഹ് ലി പറയുന്നു. 

ഏഷ്യാ കപ്പില്‍ കോഹ് ലിയുടെ അസാന്നിധ്യത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത റായിഡു ആറ് ഇന്നിങ്‌സില്‍ നിന്നും 43.75 എന്ന ബാറ്റിങ് ശരാശരിയില്‍ 175 റണ്‍സാണ് അടിച്ചെടുത്തത്. മാത്രമല്ല, പരിചയ സമ്പത്തിന്റെ കാര്യത്തിലും റായിഡു പിന്നോട്ടല്ല എന്നതും കോഹ് ലി ചൂണ്ടിക്കകാണിക്കുന്നു. ലോക കപ്പിന് മുന്‍പ് 18 മത്സരങ്ങളുണ്ട്. ഇതിലൂടെ നമുക്ക് വേണ്ട കോമ്പിനേഷനുകള്‍ രൂപപ്പെടുത്താന്‍ സാധിക്കും. 

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും റായിഡു ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടത് റായിഡുവിന് തിരിച്ചടിയായി. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മികവാണ് റായിഡുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 43 എന്ന ബാറ്റിങ് ശരാശരിയില്‍ 602 റണ്‍സാണ് റായിഡു നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com