കാത്തിരിക്കാന്‍ വയ്യെന്ന് റിഷഭ് പന്ത്; പിന്നാലെ ടീം മാനേജ്‌മെന്റും പ്രഖ്യാപിച്ചു, രാഹുലിന് തിരിച്ചടി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിന്റെ ലിസ്റ്റ്  പുറത്തിറക്കി
കാത്തിരിക്കാന്‍ വയ്യെന്ന് റിഷഭ് പന്ത്; പിന്നാലെ ടീം മാനേജ്‌മെന്റും പ്രഖ്യാപിച്ചു, രാഹുലിന് തിരിച്ചടി

ഞാന്‍ ഉണ്ടാകും എന്ന് ആരാധകര്‍ക്ക് റിഷഭ് സമൂഹമാധ്യമങ്ങളിലൂടെ സൂചന നല്‍കിയിരുന്നു. പിന്നാലെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിന്റെ ലിസ്റ്റ്  പുറത്തിറക്കി. ഏകദിനത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റിഷഭ് ആ ലിസ്റ്റിലുണ്ട്. 

ക്രിക്കറ്റ് മൈതാനത്ത് എന്റെ നൂറ് ശതമാനവും നല്‍കാന്‍ തയ്യാറാണ്. വെസ്റ്റ് ഇന്‍ഡീസിനെ ആദ്യ ഏകദിനത്തില്‍ നേരിടാന്‍ ഇറങ്ങുന്നതിനുള്ള കാത്തിരിപ്പ് സഹിക്കാന്‍ വയ്യാ എന്നായിരുന്നു പന്ത്രണ്ടംഗ ടീമിനെ മാനേജ്‌മെന്റ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിഷഭ് പന്ത് ട്വീറ്റ് ചെയ്തത്. 

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയും, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റിലേയും മികച്ച ഇന്നിങ്‌സുമാണ് ഏകദിനത്തിലേക്ക് റിഷഭിന് വഴി തുറക്കുന്നത്. 92 റണ്‍സിന് രണ്ട് ഇന്നിങ്‌സിലും റിഷഭ് പുറത്താവുകയായിരുന്നു. 2017ലെ വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും റിഷഭ് ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്ന് പ്ലേയിങ് ഇലവനില്‍ എത്താനായില്ല. 

റിഷഭ് പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ സമ്മര്‍ദ്ദം നിറയുന്നത് ധോനിയിലാണ്. ഒരു വര്‍ഷത്തോളമായി ധോനി ഫോമില്ലായ്മയില്‍ വലയാന്‍ തുടങ്ങിയിട്ട്. ധോനി ഇനിയും പരാജയപ്പെട്ടാല്‍ റിഷഭിനെ പരിഗണിക്കാം എന്നത് മുന്നില്‍ കണ്ടാണ് താരത്തിന് സെലക്ടര്‍മാര്‍ അവസരം നല്‍കുന്നത്.

പന്ത് ടീമിലേക്ക് എത്തുമ്പോള്‍ കെ.എല്‍.രാഹുല്‍ പന്ത്രണ്ടംഗ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ് എന്നിവരില്‍ ഒരാള്‍ വിന്‍ഡിസിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്തിരിക്കും.

ആദ്യ ഏകദിനത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റ്: വിരാട് കോഹ് ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, റായിഡു, റിഷഭ് പന്ത്, ധോനി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ചഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹ്മദ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com