ഓൾഡ്ട്രാഫോർഡിൽ യുവന്റസിന് മുന്നിലും മുട്ടുമടക്കി മാഞ്ചസ്റ്റർ യുനൈറ്റ‍ഡ്; ബയേൺ, റയൽ, മാഞ്ചസ്റ്റർ സിറ്റി, റോമ ടീമുകൾക്ക് വിജയം

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കി യുവന്റസ് നോക്കൗട്ട് ഘട്ടത്തിലേക്ക് കൂടുതല്‍ അടുത്തു
ഓൾഡ്ട്രാഫോർഡിൽ യുവന്റസിന് മുന്നിലും മുട്ടുമടക്കി മാഞ്ചസ്റ്റർ യുനൈറ്റ‍ഡ്; ബയേൺ, റയൽ, മാഞ്ചസ്റ്റർ സിറ്റി, റോമ ടീമുകൾക്ക് വിജയം

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കി യുവന്റസ് നോക്കൗട്ട് ഘട്ടത്തിലേക്ക് കൂടുതല്‍ അടുത്തു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് യുവന്റസിന്റെ എവേ പോരാട്ടത്തിലെ വിജയം. മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് എവേ പോരാട്ടത്തില്‍ എഇകെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. റയല്‍ മാഡ്രിഡ് 2-1ന് വിക്ടോറിയ പ്ലസനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി 3-0ത്തിന് ഷാക്തര്‍ ഡൊനട്‌സ്‌കിനെയും റോമ ഇതേ സ്‌കോറിന് സിഎസ്‌കെഎ മോസ്‌ക്കോയേയും കീഴടക്കി. ആറ് ഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ ഹോഫന്‍ഹെയിം- ലിയോണ്‍ ടീമുകള്‍ 3-3ന് സമനിലയില്‍ പിരിഞ്ഞു. അയാക്‌സ് ഒറ്റ ഗോളിന് ബെന്‍ഫിക്കയെ കീഴടക്കിയപ്പോള്‍ കരുത്തരായ വലന്‍സിയയെ യങ് ബോയ്‌സ് 1-1ന് സമനിലയില്‍ തളച്ചു.

മാഞ്ചസ്റ്റർ യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗിലും രക്ഷയില്ല. ഓൾഡ്ട്രാഫോർഡിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്റസ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള മടക്കം ചർച്ചയായ മത്സരത്തിൽ പക്ഷെ താരമായത് വിജയ ​ഗോൾ നേടിയ ഡിബാല ആയിരുന്നു.

കളിയുടെ 17ാം മിനുട്ടിൽ ഡിബാല ആണ് കളിയിലെ ഏക ഗോൾ നേടിയത്. റൊണാൾഡോ ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് മാഞ്ചസ്റ്റർ ഡിഫൻസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഡിബാലയുടെ കാലിൽ എത്തുകയായിരുന്നു. ഡി ഹിയയെ കീഴടക്കാൻ അധികം പണി എടുക്കേണ്ടി വന്നി ഡിബാലയ്ക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയ ഡിബാലക്ക് ഈ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ നാലു ഗോളുകളായി.

ആദ്യ പകുതിയിൽ യുവന്റസിന്റെ സമ്പൂർണ ആധിപത്യമായിരുന്നു കണ്ടത്. പലപ്പോഴും ഡി ഹിയ രക്ഷക്ക് എത്തിയത് കൊണ്ട് മാത്രം സ്കോർ ഒന്നിന് മുകളിലേക്ക് പോയില്ല. രണ്ടാം പകുതിയിൽ കുറച്ച് കൂടെ ഭേദപ്പെട്ട പ്രകടനം യുനൈറ്റഡ് നടത്തി. പക്ഷെ യുവന്റസ് ഗോൾകീപ്പറെ ആകെ ഒരു തവണ മാത്രമെ പരീക്ഷിക്കൻ യുനൈറ്റഡിനായുള്ളു. പോൾ പോഗ്ബയുടെ ഒരു ലോങ് റേഞ്ചർ മാത്രമായിരുന്നു ഗോളാകുമെന്ന് തോന്നിച്ച ഒരേയൊരു ശ്രമം. അതാകട്ടെ പോസ്റ്റിന് തട്ടി മടങ്ങുകയും ചെയ്തു. ഇന്നത്തെ വിജയം യുവന്റസിനെ ഗ്രൂപ്പിൽ ഒൻപത് പോയിന്റിൽ എത്തിച്ചു. നോക്കൗട്ടിലേക്ക് അടുക്കാനും ഇതോടെ യുവന്റസിന് സാധിച്ചു. 

യുനൈറ്റഡിന്റെ ന​ഗര വൈരികളായ മാഞ്ചസ്റ്റർ സിറ്റിക്ക് ഉക്രൈൻ ചാമ്പ്യന്മാരായ ഷാക്തർ ഡോണട്സ്ക്കിനെതിരെ ഉജ്ജ്വല ജയം പിടിച്ചെടുത്തു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റി 30ാം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെ മുൻപിലെത്തി. മെൻഡിയും ജെസൂസും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ഗോളാക്കി ഡേവിഡ് സിൽവ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. അധികം താമസിയാതെ കോർണറിൽ നിന്ന് രണ്ടാമത്തെ ഗോളും നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ലപോർട്ടെയാണ് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിലാണ് പകരക്കാരനായി ഇറങ്ങിയ ബെർണാർഡോ സിൽവ സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടിയത്. 

സ്പാനിഷ് ലാ ലിഗയില്‍ തുടര്‍ തോല്‍വികളില്‍ ഉഴറുന്ന നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ വിക്ടോറിയ പ്ലസനെ 2-1നാണ് വീഴ്ത്തിയത്. 11ാം മിനുട്ടില്‍ കരിം ബെന്‍സമയും 55ാം മിനുട്ടില്‍ മാഴ്‌സലോയും റയലിന്റെ പട്ടിക തികച്ചു. അതേസമയം 78ാം മിനുട്ടില്‍ പാട്രിക് ഹോസോവ്‌സ്‌കിയിലൂടെ പ്ലസന്‍ തോല്‍വി ഭാരം കുറച്ചു.

ഏതൻസിൽ വിജയക്കൊടി നാട്ടി ജർമൻ കരുത്തരായ ബയേൺ മ്യൂണിക്ക്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് AEK ഏതെൻസിനെ ബയേൺ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി ഹാവി മാർട്ടിനെസും റോബർട്ട് ലെവൻഡോസ്‌കിയും ഗോളടിച്ചു. രണ്ടാം പകുതിയിലെ രണ്ടു മിനുട്ടിനിടെ പിറന്ന രണ്ട് ഗോളുകളാണ് ബയേണിന്റെ വിജയത്തിൽ നിർണായകമായത്. 

ഗോൾ രഹിതമായ ആദ്യ പകുതിയിൽ മത്സരത്തിന്റെ പൂർണ നിയന്ത്രണം ബവേറിയൻസിനായിരുന്നു. എന്നാൽ ഗോൾ കണ്ടെത്താനാകാതെ അവർ വിഷമിച്ചു. മത്സരത്തിൽ ഒരു മണിക്കൂറിന് ശേഷമാണ് ഗോൾ പിറന്നത്. 61ാം മിനുട്ടിൽ മാർട്ടിനെസിലൂടെ ബയേൺ ലീഡ് നേടി. തൊട്ടു പിന്നാലെ തന്നെ ലെവൻഡോസ്‌കിയിലൂടെ ബയേൺ വിജയ ഗോൾ നേടി. 

എഡിൻ ജെക്കോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് റോമ 3-0ത്തിന് സിഎസ്കെഎ മോസ്ക്കോയെ തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ റയൽ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനും റോമക്കായി. അതെ സമയം തോൽവിയോടെ സി.എസ.കെ.എ മോസ്കൊയുടെ നില കൂടുതൽ പരുങ്ങലിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com